രാജസ്ഥാന്‍ റോയല്‍സിനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി മിത്തല്‍-പൂനവാല കണ്‍സോര്‍ഷ്യം; വില 15,660.23 കോടി രൂപ

രാജസ്ഥാന്‍ റോയല്‍സിനെ  റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി മിത്തല്‍-പൂനവാല കണ്‍സോര്‍ഷ്യം; വില 15,660.23 കോടി രൂപ

ജയ്പൂര്‍: ഇന്ത്യയിലെ പ്രമുഖ വ്യവസായികളായ ലക്ഷ്മി എന്‍. മിത്തല്‍, ആദിത്യ മിത്തല്‍, അദാര്‍ പൂനവാല എന്നിവരടങ്ങിയ കണ്‍സോര്‍ഷ്യം ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിനെ സ്വന്തമാക്കി.

രാജസ്ഥാന്റെ മറ്റ് ലീഗുകളിലെ ടീമുകളായ ദക്ഷിണാഫ്രിക്ക ടി 20യിലെ പാള്‍ റോയല്‍സ്, കരീബിയന്‍ ലീഗിലെ ബാര്‍ബഡോസ് റോയല്‍സ് ടീമുകളെയും കണ്‍സോര്‍ഷ്യം ഏറ്റെടുക്കും.

ഏകദേശം 1.65 ബില്യണ്‍ ഡോളറിന് (ഏതാണ്ട് 15,660.23 കോടി രൂപ) ടീമിന്റെ മുഴുവന്‍ ഓഹരികളും കണ്‍സോര്‍ഷ്യം സ്വന്തമാക്കിയത് എന്നാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക പത്രക്കുറിപ്പ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

ബിസിസിഐ, കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ എന്നിവയുടെ അനുമതിയുള്‍പ്പെടെയുള്ള നിയമപരമായ പരിശോധനകള്‍ക്ക് ശേഷം, ഫ്രാഞ്ചൈസിയുടെ ഏകദേശം 75 ശതമാനം മിത്തല്‍ കുടുംബവും, 18 ശതമാനം പൂനവാലയും സ്വന്തമാക്കും.

നിലവിലെ ഉടമ മനോജ് ബദാലെ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ക്കായി ബാക്കി 7 ശതമാനം ഓഹരികള്‍ മാറ്റിവെക്കും. 2026 ന്റെ മൂന്നാം പാദത്തില്‍ ഈ കരാര്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കല്‍ സോമാനിയുടെ നേതൃത്വത്തിലുള്ള ഒരു കണ്‍സോര്‍ഷ്യം 1.63 ബില്യണ്‍ ഡോളറിന് (ഏകദേശം 15,300 കോടി) ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. എന്നാല്‍ ആവശ്യമായ ഫണ്ട് സമാഹരിക്കാന്‍ കഴിയാത്തതും, റെഗുലേറ്ററി തടസങ്ങളും, കണ്‍സോര്‍ഷ്യത്തിന്റെ ഘടനയിലെ അനിശ്ചിതത്വങ്ങളും കാരണം ആ ശ്രമം പരാജയപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.