പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുമോ? എല്‍ഡിഎഫില്‍ പകരക്കാരെച്ചൊല്ലി ചര്‍ച്ചകള്‍ സജീവം

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുമോ? എല്‍ഡിഎഫില്‍ പകരക്കാരെച്ചൊല്ലി ചര്‍ച്ചകള്‍ സജീവം

തിരുവനന്തപുരം: കേരള നിയമസഭയില്‍ നൂറിലേറെ സീറ്റുകളുടെ ഭൂരിപക്ഷവുമായി യുഡിഎഫ് അധികാരമുറപ്പിക്കുമ്പോള്‍, എല്‍ഡിഎഫിനെ സഭയ്ക്കുള്ളില്‍ ആര് നയിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളുന്ന സാഹചര്യത്തില്‍ അദേഹം പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധനാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ വിമുഖത കാണിച്ചാല്‍ ആ സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെടുന്നത് കെ.എന്‍ ബാലഗോപാല്‍ ആണെന്നാണ് വിലയിരുത്തല്‍. കാരണം യുഡിഎഫ് തരംഗത്തിലും അടിപതറാതെ പിടിച്ചുനിന്ന ഏക കേന്ദ്ര കമ്മിറ്റി അംഗമാണ് അദേഹം.

അതേസമയം ബാലഗോപാല്‍ ഏതെങ്കിലും തരത്തിലുള്ള അസൗകര്യം പ്രകടിപ്പിച്ചാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവരിലേക്കും ചര്‍ച്ചകള്‍ നീണ്ടേക്കും. നിലവില്‍ പാര്‍ട്ടിയിലെ സീനിയോറിറ്റി പരിഗണിച്ചാല്‍ സജി ചെറിയാന് മുന്‍ഗണനയുണ്ട്. എന്നാല്‍ യുവാക്കളുടെ പ്രാതിനിധ്യം എന്ന നിലയില്‍ മുഹമ്മദ് റിയാസിന്റെ പേരും ഉയര്‍ന്ന് വരുന്നുണ്ട്.

എന്നിരുന്നാലും ഭരണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ പാര്‍ട്ടിയെയും മുന്നണിയെയും സഭയില്‍ പ്രതിരോധിക്കാന്‍ പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവായി തുടരണമെന്ന അഭിപ്രായവും ഒരു വിഭാഗത്തിനുണ്ട്. വരും ദിവസങ്ങളില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.