ജലന്ധര്‍: പഞ്ചാബിലെ ജലന്ധറിലും അമൃത്സറിലും സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപം സ്‌ഫോടനം. ജലന്ധറിലെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ആസ്ഥാനത്തും അമൃത്സറില്‍ ഖാസ സൈനിക ക്യാംപ് പരിസരത്തുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സ്‌ഫോടനങ്ങളുണ്ടായത്. രണ്ടിടത്തും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു, ഫെബ്രുവരിയില്‍ ഗുരുദാസ്പൂര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ പഞ്ചാബ് പൊലീസ് കൊലപ്പെടുത്തിയ തീവ്രവാദി രഞ്ജിത് സിങിന്റെ മരണത്തിന് പ്രതികാരം ചെയ്യാനാണ് സ്‌ഫോടനം നടത്തിയതെന്ന് ഖാലിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പുറത്തുവിട്ട കത്തില്‍ പറയുന്നു.
സ്‌ഫോടനത്തില്‍ രണ്ട് ബിഎസ്എഫ് കോണ്‍സ്റ്റബിള്‍മാര്‍ കൊല്ലപ്പെട്ടതായും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും സംഘം അവകാശപ്പെട്ടിരുന്നു. എന്നാല്‍ മരണസംഖ്യ സംബന്ധിച്ച് പുറത്തുവന്ന കണക്കുകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ആദ്യ സ്ഫോടനം ജലന്ധറിലെ തിരക്കേറിയ ബിഎസ്എഫ് ചൗക്കിലുള്ള ആസ്ഥാനത്തിന് സമീപമാണ് നടന്നത്. അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു സ്‌കൂട്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന് പിന്നാലെ സ്‌കൂട്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.
സ്‌ഫോടനത്തിന്റെ ആഘാതം ഏകദേശം 300 മീറ്റര്‍ വരെ അനുഭവപ്പെട്ടു. ഒരു കാറിന്റെയും കടയുടെയും ചില്ലുകള്‍ തകര്‍ന്നു. സ്‌കൂട്ടര്‍ ഉടമയായ ഗുര്‍പ്രീത് സിങ് എന്ന ഡെലിവറി ഏജന്റിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ആദ്യത്തെ സ്‌ഫോടനം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം രാത്രി 10.50 ഓടെയാണ് ഖാസ സൈനിക ക്യാംപ് പരിസരത്ത് രണ്ടാമത്തെ സ്‌ഫോടനം നടന്നത്.
മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമി ഗ്രനേഡ് എറിഞ്ഞതാണെന്നാണ് പ്രാഥമിക സംശയം. അട്ടാരി-വാഗ രാജ്യാന്തര അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 15 കിലോ മീറ്റര്‍ അകലെയാണിത്. ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘവും സ്ഥലത്ത് നിന്ന് സാമ്പിളുകളും തെളിവുകളും ശേഖരിച്ചു.
അട്ടിമറി സാധ്യതയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പരിശോധനകള്‍ക്കും വിശദമായ അന്വേഷണത്തിനും ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പൊലീസ് കമ്മീഷണര്‍ ധന്‍പ്രീത് കൗര്‍ അറിയിച്ചു. പഞ്ചാബ് പൊലീസും കേന്ദ്ര ഏജന്‍സികളും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണകക്ഷിയായ എഎപി സര്‍ക്കാരിനെതിരെ രംഗത്തെത്തി. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിലെ ഇത്തരം സംഭവങ്ങള്‍ ഗൗരവകരമായ ദേശീയ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ വാരിങ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.