ദുബായ്: ഹോര്‍മുസില്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ യുഎഇക്ക് നേരെ ഇറാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണം. ഫുജൈറ പെട്രോളിയം ഇന്‍ഡസ്ട്രീസ് സോണിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റു. മേഖലയിലുണ്ടായ തീപിടുത്തത്തിലാണ് ഇവര്‍ക്ക് പരിക്കേറ്റത്.
പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് യുഎഇ ലക്ഷ്യമാക്കി ഇറാനില്‍ നിന്ന് മിസൈലുകളും ഡ്രോണുകളും എത്തിയത്. യുഎഇ ലക്ഷ്യമാക്കി തൊടുത്ത 15 മിസൈലുകളും നാല് ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 12 ബാലിസ്റ്റിക് മിസൈലുകള്‍, മൂന്ന് ക്രൂയിസ് മിസൈലുകള്‍, നാല് ഡ്രോണുകള്‍ എന്നിവയാണ് തകര്‍ത്തത്.
വെടിനിര്‍ത്തല്‍ കരാറിന് ശേഷം നടക്കുന്ന ആദ്യ ആക്രമണമാണിത്. ഫെബ്രുവരി 28 ന് ആരംഭിച്ച ആക്രമണങ്ങള്‍ക്ക് പിന്നാലെ, യുഎഇ പ്രതിരോധ സേന ആകെ 549 ബാലിസ്റ്റിക് മിസൈലുകളും, 29 ക്രൂയിസ് മിസൈലുകളും, 2260 ലധികം ഡ്രോണുകളും തകര്‍ത്തതായി മന്ത്രാലയം അറിയിച്ചു.
ആക്രമണത്തെത്തുടര്‍ന്ന് യുഎഇയിലെ താമസക്കാര്‍ക്ക് മൊബൈല്‍ ഫോണുകളില്‍ അടിയന്തര ജാഗ്രതാ നിര്‍ദേശം ലഭിച്ചിരുന്നു. വൈകുന്നേരം നാലിനും ഏഴിനും എത്തിയ സന്ദേശങ്ങളില്‍ മിസൈല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നായിരുന്നു നിര്‍ദേശം.
ഹോര്‍മുസ് കടലിടുക്കിലെ എണ്ണക്കപ്പല്‍ നീക്കത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പുതിയ ആക്രമണങ്ങള്‍ക്ക് കാരണം. ഇറാന്റെ വിലക്ക് ലംഘിച്ച് ഹോര്‍മുസിലൂടെ കടക്കാന്‍ ശ്രമിച്ച അഡ്നോക് കപ്പലിന് നേരെ നേരത്തെ ആക്രമണമുണ്ടായിരുന്നു. ഹോര്‍മുസിലെ തടസങ്ങള്‍ മാറ്റാന്‍ അമേരിക്ക നീക്കം നടത്തിയതും ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഫുജൈറയിലെ പെട്രോളിയം പശ്ചാത്തല സൗകര്യങ്ങളെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണുകളെത്തിയത്.
രാജ്യത്തെ പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമാണെന്നും വ്യാജ വാര്‍ത്തകളില്‍ ഭയപ്പെടരുതെന്നും ഔദ്യോഗിക വിവരങ്ങള്‍ മാത്രം പിന്തുടരണമെന്നും യുഎഇ പ്രതിരോധ മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അതേസമയം ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്തെത്തി. യു.എ.ഇയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്ന് അദേഹം എക്‌സില്‍ കുറിച്ചു. യു.എ.ഇയുടെയും മേഖലയിലെ മറ്റ് സഖ്യകക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഫ്രാന്‍സിന്റെ പൂര്‍ണ പിന്തുണയും അദേഹം വാഗ്ദാനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.