മുഖ്യമന്ത്രി ചര്‍ച്ച പുരോഗമിക്കുമ്പോഴും വി.ഡി, ആര്‍.സി, കെ.സി ക്യാമ്പുകള്‍ സജീവം; രാഹുല്‍ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് പേജിലും സതീശനായി സമ്മര്‍ദ്ദം

മുഖ്യമന്ത്രി ചര്‍ച്ച പുരോഗമിക്കുമ്പോഴും വി.ഡി, ആര്‍.സി, കെ.സി ക്യാമ്പുകള്‍ സജീവം; രാഹുല്‍ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് പേജിലും സതീശനായി സമ്മര്‍ദ്ദം

'പട നയിച്ചവന്‍ നാട് നയിക്കട്ടെ'- സതീശന് വേണ്ടി സോഷ്യല്‍ മീഡിയ പ്രചാരണവും ഉഷാര്‍.

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുരോഗമിക്കവേ എംഎല്‍എമാരെ കൂടെ നിര്‍ത്താനുള്ള കഠിന ശ്രമത്തിലാണ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ ക്യാമ്പുകള്‍. ഫ്ളക്സുകള്‍ സ്ഥാപിച്ചും സാമൂഹിക മാധ്യമങ്ങളിലുടെ അനുകൂല തരംഗമുണ്ടാക്കിയും മൂന്ന് ക്യാമ്പുകളും സജീവമാണ്.

തിരഞ്ഞെടുപ്പ് വിജയത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരെയും നേതാക്കളെയും അഭിനന്ദിച്ച് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഫെയ്സ് ബുക്കിലിട്ട പോസ്റ്റിന് താഴെ സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്.

ഇംഗ്ലീഷിലാണ് കമന്റുകളേറെയും. രാജസ്ഥാനിലേയും മധ്യപ്രദേശിലെയും പോലെ ചെയ്യരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പൊതുജനത്തിന്റെയും മനസ് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നുമുള്ള ഓര്‍മപ്പെടുത്തലും ചിലര്‍ നടത്തിയിട്ടുണ്ട്.

'പട നയിച്ചവന്‍ നാട് നയിക്കട്ടെ' എന്ന മുദ്രാവാക്യങ്ങളോടെ ഒരു വിഭാഗം യുഡിഎഫ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ പ്രചാരണവും ഇതിനോടകം തുടങ്ങി. മുസ്ലീം ലീഗ് പ്രവര്‍ത്തകരടക്കം ഇതേറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. 'പട നയിച്ചവന്‍ നാട് നയിക്കട്ടെ' എന്നെഴുതി സതീശനെ പിന്തുണയ്ക്കുന്ന ഫ്ളക്സ് പലയിടത്തും പ്രത്യക്ഷപ്പെടുകയും ചെയ്തു.

അതിനിടെ കെ.സി വേണുഗോപാലിന് വേണ്ടി പിന്തുണ ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് മാത്യു കുഴല്‍നാടനും എ.പി അനില്‍ കുമാറും. എംഎല്‍ എമാരില്‍ ഭൂരിപക്ഷവും തങ്ങള്‍ക്ക് ഒപ്പമാണെന്നതാണ് കെ.സി പക്ഷത്തിന്റെ ആത്മവിശ്വാസം.

മുഹമ്മദ് ഷിയാസ്, ടി.ജെ വിനോദ്, എന്‍. ശക്തന്‍ ഉള്‍പ്പെടെയുള്ളവരാണ് വി.ഡി. സതീശനുള്ള പിന്തുണയ്ക്കു വേണ്ടി പരിശ്രമിക്കുന്നത്. എന്നാല്‍ സീനിയോരിറ്റി പരിഗണിക്കപ്പെടുന്ന പക്ഷം കാര്യങ്ങള്‍ ചെന്നിത്തലയ്ക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് അദേഹത്തെ പിന്തുണയ്ക്കുന്നവര്‍.

അതേസമയം, ചെന്നിത്തല ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തി. എന്‍ജിഒ അസോസിയേഷന്‍ നേതാക്കള്‍ ഉള്‍പ്പെടെ വലിയ സംഘമാണ് അദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നത്. ഇന്നലെ ഡല്‍ഹിയിലെത്തിയ കെ.സി വേണുഗോപാലിനും വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്.

അതിനിടെ ചില എംഎല്‍എമാര്‍ തങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന് പ്രത്യക്ഷവും പരോക്ഷവുമായി പ്രഖ്യാപനവും നടത്തുന്നുണ്ട്. ചടയമംഗലം മണ്ഡലത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണിയെ പരാജയപ്പെടുത്തിയ എം.എം നസീര്‍, താന്‍ വേണുഗോപാലിനൊപ്പമാണെന്ന് പരസ്യമായി പറഞ്ഞു കഴിഞ്ഞു. തനിക്ക് സീറ്റ് നല്‍കിയത് കെ.സി ആണെന്നും അതിനാല്‍ അദേഹത്തിനാണ് പിന്തുണയെന്നുമായിരുന്നു നസീറിന്റെ വാക്കുകള്‍.

യുഡിഎഫ് 102 സീറ്റുകള്‍ നേടി വന്‍വിജയം നേടിയപ്പോള്‍ 63 സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ചു കയറിയത് ചുരുങ്ങിയത് 43 എംഎല്‍എമാരുടെ പിന്തുണയും മൂന്ന് സ്വതന്ത്രരും ഒപ്പമുണ്ടെന്ന് കെ.സി വേണുഗോപാല്‍ ക്യാമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവര്‍ത്തനവും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ്, വിവിധ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകള്‍, ഒടുവില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയിലെ പ്രകടനവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തുണയാകുമെന്നാണ് വി.ഡി സതീശന്‍ ക്യാമ്പ് വിശ്വസിക്കുന്നത്.

ചൊവ്വാഴ്ച പറവൂരിലെത്തിയ സതീശന് റെയില്‍ വേസ്റ്റേഷനില്‍ ലഭിച്ചത് വന്‍ വരവേല്‍പ്പായിരുന്നു. ഇന്ന് രാവിലെ എംഎല്‍എമാരായ ടി.ജെ വിനോദും ദീപക് ജോയിയും സതീശനെ കാണാന്‍ ആലുവയിലെ വീട്ടില്‍ എത്തിയിരുന്നു.

നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര നിരീക്ഷകര്‍ എംഎല്‍എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് അഭിപ്രായം തേടുകയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കാനുമാണ് സാധ്യത.

അതിനിടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയില്ലെങ്കിലും ഘടകകക്ഷി നേതാക്കള്‍ വി.ഡി സതീശനുമായി അനൗദ്യോഗിക ആശയ വിനിമയം തുടങ്ങിയിട്ടുണ്ട്. മുസ്ലിം ലീഗ് നേതാക്കള്‍ കഴിഞ്ഞ ദിവസം സതീശനുമായി ഫോണില്‍ ബന്ധപ്പെട്ടു.

കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫ്, ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍, കേരള കോണ്‍ഗ്രസ് ജേക്കബ് നേതാവ് അനൂപ് ജേക്കബ്, സി.എം.പി നേതാവ് സി.പി ജോണ്‍ എന്നിവരും സതീശനെ സന്ദര്‍ശിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനെ പിന്തുണയ്ക്കുന്നെന്ന് ലീഗ് പരോക്ഷമായി വ്യക്തമാക്കിയിരുന്നു. മറ്റ് ഘടക കക്ഷികളും സതീശനോട് ആഭിമുഖ്യം പുലര്‍ത്തുന്നതായാണ് സൂചന. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന നിലയില്‍ ഘടക കക്ഷികള്‍ നേരിട്ട് മുഖ്യമന്ത്രി തിരഞ്ഞെടുപ്പില്‍ ഇടപെടില്ല. കോണ്‍ഗ്രസ് യോജിച്ച് ആരെ തീരുമാനിച്ചാലും അംഗീകരിക്കാമെന്നാണ് പൊതുവായ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.