യുഎഇയുടെ പിന്മാറ്റത്തിന് പിന്നാലെ ഒപെക് പ്ലസിലെ ഏഴ് രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു

യുഎഇയുടെ പിന്മാറ്റത്തിന് പിന്നാലെ ഒപെക് പ്ലസിലെ ഏഴ് രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു

ദുബായ്: ഒപെക്കില്‍ നിന്നുള്ള യുഎഇയുടെ പിന്മാറ്റത്തിന് പിന്നാലെ പ്രതിദിന എണ്ണ ഉല്‍പാദന വിഹിതം വര്‍ധിപ്പിച്ച് ഒപെക് പ്ലസിലെ ഏഴ് രാജ്യങ്ങള്‍. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസില്‍ അംഗങ്ങളായ റഷ്യ, സൗദി അറേബ്യ, അല്‍ജീരിയ, ഇറാഖ്, കസാഖിസ്ഥാന്‍, കുവൈറ്റ്്, ഒമാന്‍ എന്നിവയാണ് ഉല്‍പാദനം കൂട്ടുന്നത്.

ഈ ഏഴ് രാജ്യങ്ങളും ചേര്‍ന്ന് ജൂണില്‍ പ്രതിദിനം 1.88 ലക്ഷം ബാരല്‍ എണ്ണ അധികമായി ഉല്‍പാദിപ്പിക്കും. പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണ വില വര്‍ധിപ്പിച്ചിരിക്കെയാണ് ഈ തീരുമാനം.

എണ്ണ വിപണിയിലെ സ്ഥിരത നിലനിര്‍ത്തുന്നതിനുള്ള കൂട്ടായ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് തീരുമാനമെന്ന് ഒപെക് പ്ലസ് പ്രസ്താവനയില്‍ അറിയിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ച് ഒപെക് വിട്ട യുഎഇയെക്കുറിച്ച് പരാമര്‍ശിക്കാതെയാണ് പ്രസ്താവന.

അതേസമയം കടലാസിലെ വര്‍ധന യഥാര്‍ഥ ഉല്‍പാദനത്തെ കാര്യമായി സ്വാധീനിക്കില്ല എന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യയിലെ പ്രതിന്ധി മൂലം മുന്‍പ് നിശ്ചയിച്ച പരിധിയിലും കുറവാണ് ഇപ്പോഴത്തെ ഉല്‍പാദനം. ഫെബ്രുവരിയില്‍ പ്രതിദിനം 3.673 കോടി ബാരലായിരുന്ന ഉല്‍പാദനം മാര്‍ച്ചില്‍ 2.768 കോടി ബാരലായി കുറഞ്ഞു.

ഒപെക് പ്ലസ് ഇനിയും ഖനനം ചെയ്തിട്ടില്ലാത്ത എണ്ണ ശേഖരമുള്ളത് ഗള്‍ഫ് മേഖലയിലാണ്. ഫെബ്രുവരി 28 ന് ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി മാര്‍ച്ച് ആദ്യം മുതല്‍ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തി.

ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണക്കയറ്റുമതി പ്രതിസന്ധിയിലാണ്. ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളെയാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നത്. യുഎഇയുടെ എണ്ണ ഉല്‍പാദനം ഇനിമുതല്‍ ഒപെക് പ്ലസ് ക്വാട്ടയുടെ ഭാഗമല്ല.

എണ്ണയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളില്‍ ഏതാനും വര്‍ഷം കൊണ്ട് യുഎഇ കാര്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷം കൊണ്ട് പുതിയ പദ്ധതികള്‍ക്കായി 5,500 കോടി ഡോളര്‍ ചെലവിടുമെന്ന് യുഎഇ സര്‍ക്കാരിന്റെ എണ്ണക്കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.