ഐ.എസ് ക്യാമ്പുകളിൽ നിന്നുള്ളവർ ഇന്ന് ഓസ്‌ട്രേലിയയിലെത്തും; കർശന സുരക്ഷയൊരുക്കി ഏജൻസികൾ

ഐ.എസ് ക്യാമ്പുകളിൽ നിന്നുള്ളവർ ഇന്ന് ഓസ്‌ട്രേലിയയിലെത്തും; കർശന സുരക്ഷയൊരുക്കി ഏജൻസികൾ

മെൽബൺ: സിറിയയിലെ തീവ്രവാദ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കുടുംബാംഗങ്ങൾ ഇന്ന് ഓസ്‌ട്രേലിയയിൽ തിരിച്ചെത്തും. നാല് സ്ത്രീകളും ഒമ്പത് കുട്ടികളുമടങ്ങുന്ന 13 അംഗ സംഘമാണ് സിറിയയിലെ റോജ് ക്യാമ്പിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.

ഇന്ന് രാത്രിയോടെ മെൽബൺ, സിഡ്‌നി വിമാനത്താവളങ്ങളിൽ എത്തുന്ന ഇവരെ കാത്ത് കർശനമായ സുരക്ഷാ പരിശോധനകളും നിയമ നടപടികളുമാണ് ഓസ്‌ട്രേലിയൻ ഏജൻസികൾ ഒരുക്കിയിരിക്കുന്നത്.

വിമാനത്താവളത്തിൽ എത്തുന്ന മുറയ്ക്ക് സംഘത്തിലെ ചില സ്ത്രീകളെ ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് അറസ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. നിരോധിത മേഖലകളിലെ പ്രവർത്തനം, ഭീകര സംഘടനകളുമായുള്ള ബന്ധം എന്നിവയുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ അന്വേഷണം നടക്കും.

സിറിയയിലേക്ക് പോകാനും ഭീകര സംഘടനയുമായി സഹകരിക്കാനുമുള്ള ഇവരുടെ മുൻകാല തീരുമാനം അപമാനകരമാണെന്ന് ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് പ്രതികരിച്ചു. കുറ്റകൃത്യങ്ങളിൽ പങ്കുള്ളവർക്ക് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിയമ നടപടി നേരിടേണ്ടി വരുമെന്നും ഇവർക്ക് സർക്കാർ സഹായം നൽകില്ലെന്നും അദേഹം വ്യക്തമാക്കി.

2019-ൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ തകർച്ചയ്ക്ക് ശേഷം സിറിയയിലെ കുർദിഷ് ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ. സുരക്ഷാ ഭീഷണി മുൻനിർത്തി ഇവരെ തിരികെ എത്തിക്കുന്നതിൽ ഓസ്‌ട്രേലിയൻ സർക്കാർ നേരത്തെ വിമുഖത പ്രകടിപ്പിച്ചിരുന്നു.

2026 ഫെബ്രുവരിയിൽ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സിറിയൻ അധികൃതർ തടഞ്ഞതായും വിവരമുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ സഹായമില്ലാതെ സ്വന്തം നിലയ്ക്കാണ് ഇവർ മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തത്.

മടങ്ങിയെത്തുന്നവരിൽ കോസർ അബ്ബാസ്, അവരുടെ രണ്ട് പെൺമക്കൾ, എട്ട് പേരക്കുട്ടികൾ എന്നിവരുൾപ്പെടുന്ന കുടുംബവുമുണ്ട്. മനുഷ്യാവകാശ സംഘടനകൾ ഈ നീക്കത്തെ സ്വാഗതം ചെയ്യുമ്പോഴും, ദേശീയ സുരക്ഷ മുൻനിർത്തി ഇന്റലിജൻസ് ഏജൻസികൾ അതീവ ജാഗ്രതയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.