അന്യഗ്രഹ ജീവികള്‍ യാഥാര്‍ത്ഥ്യമോ?.. രഹസ്യ ഫയലുകള്‍ പുറത്ത് വിട്ട് അമേരിക്ക; നിര്‍ണായക തെളിവുകള്‍ ഇല്ലെന്ന് വിദഗ്ധര്‍

അന്യഗ്രഹ ജീവികള്‍ യാഥാര്‍ത്ഥ്യമോ?.. രഹസ്യ ഫയലുകള്‍ പുറത്ത് വിട്ട് അമേരിക്ക; നിര്‍ണായക തെളിവുകള്‍ ഇല്ലെന്ന് വിദഗ്ധര്‍

വാഷിങ്ടണ്‍: ഇനിയും അജ്ഞാതമായ അന്യഗ്രഹ ജീവികളെ കുറിച്ചുള്ള രഹസ്യ ഫയലുകള്‍ പുറത്ത് വിട്ട് അമേരിക്ക. 1940 കള്‍ മുതലുള്ള യു.എഫ്.ഒ റിപ്പോര്‍ട്ടുകളാണ് പുറത്തു വിട്ട ഫയലിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വിടുമെന്ന് യു.എസ് പ്രതിരോധ വകുപ്പ് അറിയിച്ചു.

1947 ലെ പറക്കും തളികകളെ കുറിച്ചുള്ള റിപ്പോര്‍ട്ട്, 1969 ല്‍ അപ്പോളോ 12 ചന്ദ്രോപരിതലത്തില്‍ നിന്ന് പകര്‍ത്തിയ അജ്ഞാത പ്രതിഭാസത്തിന്റെ ചിത്രം, 1972 ലെ അപ്പോളോ 17 ക്രൂ കണ്ട അജ്ഞാത വസ്തുവിനെ കുറിച്ചുള്ള സംഭാഷണങ്ങള്‍ എന്നിവയാണ് അമേരിക്ക പുറത്തു വിട്ട ഫയലുകളിലുള്ളത്.

എന്നാല്‍ അന്യ ഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യം സംബന്ധിച്ച് നിര്‍ണായകമായ തെളിവുകളൊന്നും പുറത്തുവിട്ട 160 ഓളം ഫയലുകളില്‍ ഇല്ലെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നത്.

പുറത്തു വന്ന ചിത്രങ്ങള്‍ ചന്ദ്രോപരിതലത്തിലെ ഉല്‍ക്കാ പതനങ്ങളുടേതാണോ എന്ന് പലരും സംശയിക്കുന്നുണ്ട്. രേഖകള്‍ ഇപ്പോള്‍ പുറത്തു വിട്ടതിനു പിന്നില്‍ നിലവിലെ രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള ട്രംപിന്റെ ശ്രമമാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

പുറത്തു വിട്ട ഫയലുകളില്‍ പുതുതായി ഒന്നുമില്ലെന്നും വിഡിയോകളില്‍ കാണുന്ന രൂപങ്ങള്‍ ക്യാമറ ലെന്‍സിന്റെ സാങ്കേതിക തകരാറുകളോ ദൂരെയുള്ള പ്രകാശ ബിന്ദുക്കളോ ആകാനാണ് സാധ്യതയെന്നും യു.എ.പി ഇന്‍വെസ്റ്റിഗേറ്റര്‍ മിക് വെസ്റ്റ് പറഞ്ഞു.

അതേസമയം ഇതൊരു വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. മുന്‍ സര്‍ക്കാരുകള്‍ ഫയലുകള്‍ പുറത്തു വിടുന്നതില്‍ പരാജയപ്പെട്ടുവെന്നും പുതിയ രേഖകളിലൂടെ ആകാശത്ത് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ക്ക് സ്വയം തീരുമാനിക്കാമെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.