വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ഇന്ത്യൻ കപ്പലുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണം ലക്ഷ്യം കണ്ടില്ലെന്നും ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
‘ഇടപാടുകൾ നടത്താൻ കഴിയാത്തവിധം മാന്യതയില്ലാത്തവരാണവർ. അവരുമായി ഒരു നല്ല ഇടപാടും സാധ്യമല്ല. ഹോർമുസ് കടലിടുക്കിൽ നിന്ന് പുറപ്പെട്ട ഇന്ത്യൻ കപ്പലുകൾക്ക് നേരെ കഴിഞ്ഞ രാത്രി ഇറാൻ നടത്തിയ ആക്രമണം തികച്ചും അസ്വീകാര്യമാണ്. കാര്യങ്ങൾ വേഗത്തിൽ ശരിയാക്കുന്നതാണ് അവർക്ക് നല്ലത്’– ട്രംപ് കുറിച്ചു.
കഴിഞ്ഞ നാല് ദിവസത്തിനിടെ ഇന്ത്യൻ നാവികർ ഉൾപ്പെട്ട മൂന്ന് കപ്പലുകളാണ് ആക്രമണത്തിന് ഇരയായത്. ഒമാൻ തീരത്തുവെച്ച് യുഎസ് നാവിക സേനയുടെ മിസൈലേറ്റ് തീപിടിച്ച ചരക്കു കപ്പലിൽ നിന്ന് മൂന്ന് ഇന്ത്യൻ നാവികരെ കാണാതാവുകയും പിന്നീട് അവർ മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ യുഎസ് നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചു വരുത്തി കടുത്ത പ്രതിഷേധം അറിയിച്ചു. വ്യാഴാഴ്ചയും ആക്രമണങ്ങൾ തുടർന്നതോടെ യുഎസ് സ്ഥാനപതി കാര്യാലയത്തിന്റെ ചുമതലയുള്ള ജെയ്സൺ മീക്സിനെ വിദേശകാര്യ മന്ത്രാലയം ഇന്ന് വീണ്ടും വിളിച്ചു വരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യൻ നാവികർക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്കെതിരെയാണ് വിദേശകാര്യ മന്ത്രാലയം നിലപാട് കടുപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.