കൽപ്പറ്റ: വയനാട്ടിൽ ഷിഗെല്ല രോഗബാധ പടരുന്നതായി റിപ്പോർട്ട്. കോളിയാടി സ്കൂളിലെ ഏഴ് കുട്ടികൾക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ രോഗബാധിതരുടെ എണ്ണം പതിനാറായി ഉയർന്നു.
നേരത്തെ പരിശോധനയ്ക്കയച്ച 16 സാമ്പിളുകളിൽ ഒൻപതെണ്ണം കഴിഞ്ഞദിവസം പോസിറ്റീവായിരുന്നു. ബാക്കി ഏഴുപേരുടെ പരിശോധനാ ഫലം കൂടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിലവിൽ രോഗം സ്ഥിരീകരിച്ച കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം.
കടുത്ത വയറിളക്കമാണ് ഇതിന്റെ പ്രധാന ലക്ഷണം. മലിന ജലവും വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതിലൂടെയും മറ്റുള്ളവരിലേക്ക് ബാക്ടീരിയ എത്താം.
സമ്പർക്കമുണ്ടായി ഒന്നോ രണ്ടോ ദിവസത്തിനകമോ അല്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിലോ രോഗലക്ഷണങ്ങൾ പ്രകടമാകാം. പ്രതിരോധശേഷി കുറഞ്ഞവർക്കും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും രോഗസാധ്യത കൂടുതലാണ്.
ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്ക് രോഗം മാറാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. നിപ വൈറസ് പോലെ വേഗത്തിൽ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം.
മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. ശീതീകരിച്ചു സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ഈ ബാക്ടീരിയ കൂടുതൽ കാലം ജീവിക്കുമെന്നതിനാൽ ജാഗ്രത അനിവാര്യമാണ്. രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉപ്പിട്ട കഞ്ഞിവെള്ളം, ഒ.ആർ.എസ് ലായനി എന്നിവ നൽകി നിർജലീകരണം തടയണമെന്നും ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നും അധികൃതർ നിർദേശിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.