ന്യൂയോര്‍ക്ക്: ആര്‍ത്തവ രക്തം പരിശോധിച്ച് എന്‍ഡോമെട്രിയോസിസ് സാധ്യത കണ്ടെത്താമെന്ന് ഗവേഷകര്‍. പ്രശസ്ത ശാസ്ത്ര ജേണലായ നേച്ചറില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. നിലവില്‍ ശസ്ത്രക്രിയയിലൂടെയുള്ള ലാപ്രോസ്‌കോപ്പി പരിശോധന വഴി മാത്രം കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിയുന്ന ഈ രോഗാവസ്ഥയ്ക്ക് പുതിയ കണ്ടെത്തല്‍ വലിയൊരു ആശ്വാസമാകും.
എന്താണ് എന്‍ഡോമെട്രിയോസിസ്?
ഗര്‍ഭാശയത്തിന്റെ ഉള്‍പ്പാളിയായ എന്‍ഡോമെട്രിയത്തിന് സമാനമായ കോശങ്ങള്‍ ഗര്‍ഭപാത്രത്തിന് പുറത്ത് വളരുന്ന അവസ്ഥയാണിത്. സാധാരണയായി അണ്ഡാശയം, അണ്ഡവാഹിനിക്കുഴല്‍, ഉദരത്തിന്റെ ഉള്‍ഭാഗം എന്നിവടങ്ങളിലാണ് ഈ കോശങ്ങള്‍ കാണപ്പെടുന്നത്. ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ പത്ത് ശതമാനത്തോളം പേരെ ഈ രോഗം ബാധിക്കുന്നുണ്ടെന്നാണ് കണക്ക്.
ആര്‍ത്തവ രക്തത്തിലെ ബയോളജിക്കല്‍ മാര്‍ക്കറുകള്‍ വിശകലനം ചെയ്താണ് രോഗ സാധ്യത വിലയിരുത്തുന്നത്. രോഗബാധിതരിലെ പ്രതിരോധ കോശങ്ങള്‍, വീക്കത്തിന്റെ സൂചന നല്‍കുന്ന ഘടകങ്ങള്‍, ജനറ്റിക് മാര്‍ക്കറുകള്‍ എന്നിവ സാധാരണക്കാരുമായി താരതമ്യം ചെയ്താണ് വ്യത്യാസങ്ങള്‍ മനസിലാക്കുന്നത്.
ആര്‍ത്തവ രക്തത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുക എന്നത് എളുപ്പവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായതിനാല്‍ ഈ രീതി രോഗനിര്‍ണയ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
പലരും സാധാരണ ആര്‍ത്തവ വേദനയെന്ന് കരുതി നിസാരമാക്കുന്ന കഠിനമായ വയറുവേദനയോ നടുവേദനയോ ചിലപ്പോള്‍ എന്‍ഡോമെട്രിയോസിസ് മൂലമാകാം. ചികിത്സ വൈകും തോറും സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെയും മാനസികാരോഗ്യത്തെയും ഇത് ദോഷകരമായി ബാധിക്കാം.
നിലവിലെ ചികിത്സാരീതികള്‍
രോഗത്തിന്റെ തീവ്രതയും ലക്ഷണങ്ങളും അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. വേദന സംഹാരികള്‍, ഹോര്‍മോണ്‍ ചികിത്സ എന്നിവയ്ക്ക് പുറമെ ലാപ്രോസ്‌കോപ്പി വഴി ഈ കോശങ്ങളെ നീക്കം ചെയ്യാറുണ്ട്. അപൂര്‍വ സാഹചര്യങ്ങളില്‍ ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യേണ്ടതായും വരാം.
പുതിയ പഠനം പ്രസക്തമാണെങ്കിലും ഈ പരിശോധനാ രീതി പൊതുജനങ്ങളിലേക്ക് എത്തുന്നതിന് മുന്‍പ് വലിയ തോതിലുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ കൂടി നടത്തി കൃത്യത ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.