'എബോള, ഹന്റാ വൈറസുകളെ കരുതിയിരിക്കണം': ലോകത്തിന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

'എബോള, ഹന്റാ വൈറസുകളെ കരുതിയിരിക്കണം': ലോകത്തിന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

ന്യൂയോര്‍ക്ക്: എബോള, ഹന്റാ വൈറസുകളുടെ വ്യാപനത്തില്‍ കര്‍ശന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. മുന്‍ കാലങ്ങളില്‍ ലോകാരോഗ്യ സംഘടനയ്ക്കും മറ്റും ലഭിച്ചിരുന്ന ഫണ്ടുകള്‍ വെട്ടിക്കുറച്ചത് ഇത്തരം രോഗങ്ങള്‍ നേരത്തെ കണ്ടെത്താനുള്ള നിരീക്ഷണ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തിയെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും എബോള പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍, 'ഗ്ലോബല്‍ പ്രിപ്പയേര്‍ഡ്നെസ് മോണിറ്ററിങ് ബോര്‍ഡാണ്' ആരോഗ്യ വിദഗ്ധരുടെ അവലോകനങ്ങള്‍ അടങ്ങിയ ഈ പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

മഹാമാരികളെ നേരിടാനുള്ള തയ്യാറെടുപ്പുകളേക്കാള്‍ വേഗത്തിലാണ് രോഗങ്ങള്‍ പടരുന്നതെന്നും, അടുത്തൊരു ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടാന്‍ ലോകം സുരക്ഷിതമല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ അപൂര്‍വയിനം എബോള വൈറസ് പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് കുറഞ്ഞത് 120 പേരെങ്കിലും മരിച്ചതായും നൂറുകണക്കിന് ആളുകള്‍ക്ക് രോഗബാധയുണ്ടെന്ന് സംശയിക്കുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവിലെ സ്ഥിതിഗതികള്‍ അതിവേഗമാണ് മാറിക്കൊണ്ടിരിക്കുന്നതെന്നും അതിനാല്‍ വരും ആഴ്ചകളില്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഹന്റാ വൈറസ് പടര്‍ന്നു പിടിച്ച 'എംവി ഹോണ്ടിയസ്' എന്ന ക്രൂയിസ് കപ്പല്‍ അന്താരാഷ്ട്ര ആരോഗ്യ അധികൃതരുടെ നിരീക്ഷണത്തിനൊടുവില്‍ അണു നശീകരണത്തിനായി നെതര്‍ലന്‍ഡ്‌സിലെ റോട്ടര്‍ഡാം തുറമുഖത്ത് എത്തിച്ചു. ഡച്ച് കമ്പനിയായ ഓഷ്യന്‍വൈഡ് എക്‌സ്‌പെഡിഷന്‍സിന്റെ ഈ കപ്പലില്‍ നിലവില്‍ 25 ജീവനക്കാരും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ 27 പേരാണുള്ളത്.

ഫിലിപ്പീന്‍സ്, നെതര്‍ലന്‍ഡ്‌സ്, ഉക്രെയ്ന്‍, റഷ്യ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇവരെ എല്ലാവരെയും ഉടനടി ക്വാറന്റൈനിലേക്ക് മാറ്റുമെന്നും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ റോട്ടര്‍ഡാമില്‍ തന്നെ ആറാഴ്ചത്തെ ക്വാറന്റൈനില്‍ കഴിയണമെന്നും ഡച്ച് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുസൃതമായി ഘട്ടം ഘട്ടമായാകും കപ്പലിലുള്ളവരെ പുറത്തിറക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനവും ആഗോള തലത്തില്‍ നടക്കുന്ന സായുധ സംഘര്‍ഷങ്ങളുമാണ് പകര്‍ച്ച വ്യാധികള്‍ പടരാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ലോക രാജ്യങ്ങള്‍ തമ്മിലുള്ള ചേരിതിരിവുകളും സ്വാര്‍ത്ഥ വാണിജ്യ താല്‍പര്യങ്ങളും കൂട്ടായ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്നു. ഹന്റാ വൈറസ് റിപ്പോര്‍ട്ട് ചെയ്തതും കോംഗോയില്‍ എബോള വൈറസ് ബാധയും ലോകം നേരിടുന്ന പ്രതിസന്ധിയുടെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.