ഇസ്ലാം മതം ഉപേക്ഷിച്ച് കത്തോലിക്കാ വിശ്വാസത്തിലേക്ക്; സ്പെയിനിൽ സ്നാനം സ്വീകരിച്ച് യുവാക്കൾ

ഇസ്ലാം മതം ഉപേക്ഷിച്ച് കത്തോലിക്കാ വിശ്വാസത്തിലേക്ക്; സ്പെയിനിൽ സ്നാനം സ്വീകരിച്ച് യുവാക്കൾ

ഗെറ്റാഫെ (സ്പെയിൻ): കുടുംബത്തിന്റെയും വളർന്നുവന്ന സാഹചര്യങ്ങളുടെയും കടുത്ത എതിർപ്പുകളെ അവഗണിച്ച് ഇസ്ലാം മതം ഉപേക്ഷിച്ച് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച രണ്ട് യുവാക്കളുടെ ജീവിതകഥ ശ്രദ്ധേയമാകുന്നു. സ്പെയിനിലെ ഗെറ്റാഫെ കത്തീഡ്രലിൽ നടന്ന ശുശ്രൂഷകൾക്കിടയിലാണ് 25 കാരനായ ജോനാസും 21 കാരിയായ ലൂർദ് ആഞ്ചലും ജ്ഞാനസ്നാനം സ്വീകരിച്ച് സഭയുടെ ഭാഗമായത്.

ഒരു വയസുള്ളപ്പോൾ സ്പെയിനിലേക്ക് കുടിയേറിയ ജോനാസ് സ്കൂൾ പഠന കാലത്ത് വിശുദ്ധ തോമസ് അക്വിനാസ്, വിശുദ്ധ അഗസ്റ്റിൻ എന്നിവരുടെ ദർശനങ്ങളിൽ ആകൃഷ്ടനായാണ് ക്രിസ്തു മതത്തെക്കുറിച്ച് പഠിക്കാൻ തുടങ്ങിയത്. അഞ്ച് വർഷത്തോളം നീണ്ട ആഴത്തിലുള്ള വായനയ്ക്കും ഗവേഷണത്തിനുമൊടുവിൽ കത്തോലിക്കാ വിശ്വാസമാണ് സത്യമെന്ന് അദേഹം തിരിച്ചറിഞ്ഞു.

"ഇസ്ലാമിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിച്ചതാണ് എന്നെ ഒടുവിൽ ഒരു ക്രിസ്ത്യാനിയാക്കി മാറ്റിയത്," ജോനാസ് എസിഐ പ്രെൻസയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മുസ്ലിം പശ്ചാത്തലത്തിൽ വളർന്ന ലൂർദ് ആഞ്ചലിന് ക്രിസ്തുവിനെക്കുറിച്ച് മുൻപ് അറിവുണ്ടായിരുന്നില്ലെങ്കിലും തന്റെ ജീവിതത്തിൽ അദൃശ്യമായ ഒരു സാന്നിധ്യം എപ്പോഴും കൂടെയുള്ളതായി അവൾ വിശ്വസിച്ചിരുന്നു.

കത്തോലിക്കാ വിശ്വാസികൾ തങ്ങളുടെ കഷ്ടപ്പാടുകൾക്കിടയിലും പുലർത്തുന്ന സന്തോഷവും സമാധാനവുമാണ് തന്നെ ഈ വഴിയിലേക്ക് നയിച്ചതെന്ന് ലൂർദ് പറയുന്നു. ഒരു തകർന്ന ബന്ധത്തിൽ നിന്ന് മോചിതയായ ശേഷമാണ് ലൂർദ് കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്.

മതം മാറുന്നത് തങ്ങളുടെ കുടുംബത്തിനും സംസ്കാരത്തിനും എതിരായ വലിയൊരു വഞ്ചനയായാണ് സമൂഹം കാണുന്നതെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. "കുടുംബത്തിന് ഇത് ഒരിക്കലും മനസിലാക്കാൻ കഴിയില്ല. അവർക്ക് മതം എന്നത് ഒരു സംസ്കാരമോ സ്വത്വമോ മാത്രമാണ്, എന്നാൽ എനിക്കിത് ജീവിതത്തിന്റെ പുതിയൊരു കണ്ടെത്തലാണ്," ജോനാസ് വ്യക്തമാക്കി. സ്വന്തം ജീവിതരീതികൾ പൂർണമായും മാറ്റുന്നത് പ്രയാസകരമായിരുന്നുവെന്ന് ലൂർദ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.