ഷാർജ: സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിൽ നിന്ന് യുവജനങ്ങളെ കായിക വിനോദങ്ങളിലേക്കും സാമൂഹിക കൂട്ടായ്മകളിലേക്കും തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഷാർജ സെന്റ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിലെ സിറോ മലബാർ യൂത്ത് മൂവ്‌മെന്റ് (എസ്.എം.വൈ.എം) സ്പോർട്സ് ഡേ സംഘടിപ്പിച്ചു.
അജ്‌മാൻ വിന്നേഴ്സ് സ്പോർട്സ് ക്ലബ്ബിൽ നടന്ന മേളയിൽ ഷാർജയിലെയും അജ്‌മാനിലെയും വിവിധ ഇടവകകളിൽ നിന്നായി അഞ്ഞൂറോളം യുവജനങ്ങൾ ആവേശപൂർവ്വം പങ്കെടുത്തു.
ഫുട്ബോൾ, ബാഡ്മിന്റൺ, ബാസ്‌ക്കറ്റ് ബോൾ, വടംവലി തുടങ്ങിയ മത്സരങ്ങൾക്കൊപ്പം വൈവിധ്യമാർന്ന വിനോദ പരിപാടികളും മേളയുടെ ഭാഗമായി നടന്നു. ഷാർജ എസ്.എം.സി, അജ്‌മാൻ എസ്.എം.സി.എ എന്നിവയുടെ സജീവ സഹകരണത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്തത്.
കായിക മത്സരങ്ങൾക്കൊപ്പം പ്രൈം മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് പങ്കെടുത്തവർക്ക് ഏറെ പ്രയോജനകരമായി. കൂടാതെ, 'പാപ്പനും പിള്ളേരും' എന്ന പേരിൽ ഒരുക്കിയ നാടൻ തട്ടുകട മേളയിലെ പ്രധാന ആകർഷണമായി മാറി.
യുവജനങ്ങളെ സഭയുടെയും സമൂഹത്തിന്റെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവർക്കിടയിൽ 'സോഷ്യൽ മിംഗ്ലിങ്' സംസ്കാരം വളർത്താനുമാണ് സ്പോർട്സ് മീറ്റ് ലക്ഷ്യമിടുന്നതെന്ന് എസ്.എം.വൈ.എം ഡയറക്ടർ ഫാദർ ജോൺ ജോസഫ് എടാട്ട് കപ്പൂച്ചിൻ പറഞ്ഞു. ആൽബർട്ട്, സൗമ്യ, ബിജു ജോസഫ്, സിറിയക് ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.