ന്യൂഡല്‍ഹി: ഭാവിയില്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് സ്ഥാനമുണ്ടാകില്ലെന്നും വാഹന നിര്‍മാതാക്കള്‍ എത്രയും വേഗം പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്ക് മാറണമെന്നും ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സിഎന്‍ജി, എല്‍എന്‍ജി, ബയോ ഫ്യൂവലുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയിലേക്ക് കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഭാവിയിലെ പ്രധാന ഇന്ധനം ഹൈഡ്രജനായിരിക്കുമെന്നും അദേഹം പറഞ്ഞു.
ബസ്‌വേള്‍ഡ് ഇന്ത്യ കോണ്‍ക്ലേവ് 2025 ല്‍ സംസാരിക്കുകയായിരുന്നു അദേഹം.
രാജ്യത്തെ 10 പ്രധാന റൂട്ടുകളില്‍ ഹൈഡ്രജന്‍ ട്രക്കുകളും ബസുകളും പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ച് തുടങ്ങി. ടാറ്റ മോട്ടോഴ്‌സ്, വോള്‍വോ, അശോക് ലെയ്‌ലന്‍ഡ് തുടങ്ങിയ കമ്പനികള്‍ ഈ പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്.
ഇന്ത്യയില്‍ സുലഭമായ എഥനോള്‍ ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയുന്ന ഫ്ളെക്സ്-ഫ്യൂവല്‍ എഞ്ചിനുകള്‍ വികസിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകണം. ബസുകളുടെ ബോഡി നിര്‍മാണത്തില്‍ ഇനി സ്വയം സാക്ഷ്യപ്പെടുത്തല്‍ അനുവദിക്കില്ലെന്നും ഗഡ്കരി പറഞ്ഞു. കൃത്യമായ ഫിസിക്കല്‍, വീഡിയോ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വാഹന്‍ പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ അനുവദിക്കൂ.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 1.5 ലക്ഷം ഇലക്ട്രിക് ബസുകള്‍ ആവശ്യമായി വരും. നിലവിലെ നിര്‍മാണ ശേഷിയിലെ കുറവ് പരിഹരിക്കാന്‍ കമ്പനികള്‍ കൂടുതല്‍ നിക്ഷേപം നടത്തണം. രാജ്യത്തിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും പരിസ്ഥിതി മലിനീകരണം തടയാനും ഈ മാറ്റം അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.