'ആണവ നിലയങ്ങള്‍ തകര്‍ക്കാനാവില്ല; യുറേനിയം ശേഖരം മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റാം': സമാധാന നിര്‍ദേശങ്ങളോട് ഇറാന്റെ പ്രതികരണം

'ആണവ നിലയങ്ങള്‍ തകര്‍ക്കാനാവില്ല; യുറേനിയം ശേഖരം മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റാം': സമാധാന നിര്‍ദേശങ്ങളോട് ഇറാന്റെ പ്രതികരണം

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സമാധാന നീക്കങ്ങളുടെ ഭാഗമായി തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റാന്‍ ഇറാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. അമേരിക്ക മുന്നോട്ട് വെച്ച സമാധാന നിര്‍ദേശങ്ങളോടുള്ള പ്രതികരണമായാണ് ഇറാന്‍ ഈ നിലപാട് സ്വീകരിച്ചതെന്ന് 'വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തു.

സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ കൈമാറിയ യുറേനിയം തിരികെ നല്‍കണമെന്ന നിബന്ധനയും ഇറാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ആണവ നിലയങ്ങള്‍ തകര്‍ക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാന്‍ തള്ളി.

ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുന്നതിനും ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കുന്നതിനുമായി ഇറാനിലെ യുറേനിയം ശേഖരം നീക്കം ചെയ്യണമെന്നും രാജ്യത്തെ ആണവ നിലയങ്ങള്‍ തകര്‍ക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

അതേസമയം നിര്‍ദേശങ്ങള്‍ക്ക് ഇറാന്‍ ആദ്യം നല്‍കിയ മറുപടി തികച്ചും അസ്വീകാര്യമാണെന്ന്  ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചര്‍ച്ചകളില്‍ മധ്യസ്ഥരായ പാകിസ്ഥാന്‍ വഴി ലഭിച്ച ഇറാന്റെ മറുപടി തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും സമാധാന ചര്‍ച്ചകള്‍ ഇതോടെ അനിശ്ചിതത്വത്തിലായെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇറാന്റെ മറുപടിയിലെ വിശദാംശങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയിരുന്നില്ല.

അതേസമയം, ഇറാന്റെ ആണവ ശേഷി പൂര്‍ണമായും ഇല്ലാതാക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.