സാൻ ജോസ്: കൊസ്റ്റാറിക്കയുടെ ചരിത്രത്തിൽ ഭക്തിനിർഭരമായ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ലോറ വിർജീനിയ ഫെർണാണ്ടസ് ഡെൽഗാഡോ രാജ്യത്തിന്റെ പ്രസിഡന്റായി അധികാരമേറ്റു. തന്റെ ഭരണകാലയളവ് രാജ്യത്തിന്റെ സംരക്ഷകയായ ‘വിർജിൻ ഓഫ് ലോസ് ഏഞ്ചൽസ്’ മാതാവിന്റെ പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടാണ് ലോറ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്.
മെയ് എട്ടിന് അധികാരമേറ്റ പ്രസിഡന്റ് തൊട്ടടുത്ത ദിവസം തന്നെ ലിമോൺ ബിഷപ്പും കൊസ്റ്റാറിക്കൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റുമായ മോൺസിഞ്ഞോർ ജാവിയർ റോമന്റെ നേതൃത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. ഭരണത്തിന്റെ അടയാളമായ 'പ്രസിഡൻഷ്യൽ സാഷ്' മാതാവിന് മുന്നിൽ അർപ്പിച്ച ലോറ ഫെർണാണ്ടസ് തന്റെ തീരുമാനങ്ങൾ ജനനന്മയ്ക്കും ദൈവിക നീതിക്കും നിരക്കുന്നതായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഭരണപരമായ ഉത്തരവാദിത്തങ്ങൾ ദൈവകൃപയാൽ നയിക്കപ്പെടണമെന്ന ഉറച്ച ബോധ്യമാണ് ഈ പ്രവർത്തിയിലൂടെ പ്രസിഡന്റ് പ്രകടിപ്പിച്ചത്.
ഭരണാധികാരി എന്ന നിലയിലുള്ള തീരുമാനങ്ങൾ സ്വന്തം കരുത്തിൽ മാത്രം അധിഷ്ഠിതമാകരുത് എന്ന വലിയ സന്ദേശമാണ് ദിവ്യബലിയിലൂടെ കൈമാറപ്പെട്ടത്. ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് താങ്ങാൻ കഴിയാത്ത ഭാരങ്ങളും വെല്ലുവിളികളും ഭരണത്തിൽ നേരിടേണ്ടി വരുമെന്നും അത്തരം ഘട്ടങ്ങളിൽ ദൈവത്തിലേക്ക് തിരിയുന്നത് മനസിന് ശാന്തതയും വിവേകവും നൽകുമെന്നും മോൺസിഞ്ഞോർ ഓർമ്മിപ്പിച്ചു.
രാജ്യം നേരിടുന്ന അക്രമങ്ങൾക്കും സാമൂഹിക അരക്ഷിതാവസ്ഥയ്ക്കും അറുതി വരുത്താൻ സർക്കാരിന് സാധിക്കണമെന്ന് അദേഹം ആഹ്വാനം ചെയ്തു. കൊസ്റ്റാറിക്കയുടെ നേതൃത്വം ഏറ്റെടുക്കുന്ന രണ്ടാമത്തെ മാത്രം വനിതയായ ലോറയ്ക്ക് ജീവനെ സംരക്ഷിക്കാനും മാനുഷിക പരിഗണനയോടെ ജനങ്ങളെ ശ്രവിക്കാനുമുള്ള സ്ത്രീസഹജമായ കരുത്ത് തുണയാകുമെന്ന് ബിഷപ്പ് പ്രത്യാശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.