ന്യൂഡല്‍ഹി: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ നല്‍കുന്ന ആഗോള നഴ്‌സിങ് പുരസ്‌കാരത്തിന്റെ അന്തിമ പട്ടിക പുറത്തുവിട്ടു. 214 രാജ്യങ്ങളില്‍ നിന്നുള്ള 1,34,000 ല്‍ അധികം അപേക്ഷകളില്‍ നിന്ന് വിവിധ ഘട്ടങ്ങളിലെ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് മികച്ച 10 നഴ്‌സുമാരെ തിരഞ്ഞെടുത്തത്.
വിജയിക്ക് 2,50,000 യുഎസ് ഡോളറാണ് (ഏകദേശം രണ്ട് കോടിയിലധികം രൂപ) സമ്മാനമായി ലഭിക്കുക. മറ്റ് ഫൈനലിസ്റ്റുകള്‍ക്കും ആഗോള അംഗീകാരവും പുരസ്‌കാരങ്ങളും ലഭിക്കും. ലക്ഷദ്വീപിലെ കവരത്തി ഗവണ്‍മെന്റ് ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലെ നഴ്‌സ് ഹിന്ദുംബി കൗറോം കക്കഡ ഫൈനല്‍ പട്ടികയില്‍ ഇടംപിടിച്ചത് ഇന്ത്യയ്ക്ക് അഭിമാനമായി. യുകെയില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. അഗിമോള്‍ പ്രദീപും പട്ടികയിലുണ്ട്.
ഏണ്‍സ്റ്റ് ആന്റ് യങ് എല്‍എല്‍പിയുടെ നേതൃത്വത്തില്‍ വിദഗ്ധ പാനലും ഗ്രാന്‍ഡ് ജൂറിയും ചേര്‍ന്നാണ് മൂല്യനിര്‍ണയം നടത്തിയത്. അപേക്ഷകരുടെ പ്രതിബദ്ധത, നവീന ആശയങ്ങള്‍, നഴ്‌സിങ് മേഖലയിലെ സ്വാധീനം എന്നിവയാണ് പ്രധാനമായും പരിഗണിച്ചത്.
ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ നട്ടെല്ലാണ് നഴ്‌സുമാരെന്നും അവരുടെ അര്‍പ്പണ ബോധത്തെ ആഗോളതലത്തില്‍ അംഗീകരിക്കാനാണ് ഈ പുരസ്‌കാരം ലക്ഷ്യമിടുന്നതെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
2026 ജൂലൈയില്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഗ്രാന്‍ഡ് ടൈറ്റില്‍ വിജയിയെ പ്രഖ്യാപിക്കും. സ്വീഡന്‍, സൗദി അറേബ്യ, ചൈന, കൊളംബിയ, നമീബിയ, നൈജീരിയ, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്‌സുമാരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.