സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; ഇന്ന് തന്നെ ഗവര്‍ണറെ കാണും: തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍

സതീശന്റെ സത്യപ്രതിജ്ഞ  തിങ്കളാഴ്ച; ഇന്ന് തന്നെ ഗവര്‍ണറെ കാണും: തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് വൈകുന്നേരം നാലിന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് നേതാവിനെ ഔദ്യോഗകമായി തിരഞ്ഞെടുക്കും. തുടര്‍ന്ന് ഇന്ന് തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള അവകാശം ഉന്നയിക്കും.

തിരഞ്ഞെടുപ്പ് ഫലം വന്ന് പതിനൊന്ന് ദിവസത്തെ ഉദ്വേഗ ഭരിതമായ കാത്തിരിപ്പിനൊടുവിലാണ് വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് ഇന്ന് ഉച്ചയോടെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഹൈക്കമാന്‍ഡ് പ്രതിനിധി ദീപ ദാസ് മുന്‍ഷിയാണ് സതീശന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെയും ശക്തമായ മത്സരങ്ങളെയും അതിജീവിച്ചാണ് പറവൂരില്‍ നിന്നുള്ള ഈ ജനനായകന്‍ സംസ്ഥാന ഭരണ നേതൃത്വത്തില്‍ എത്തുന്നത്. നിയമസഭാ കക്ഷിയോഗത്തില്‍ ഭൂരിഭാഗം എംഎല്‍എമാരും കെ.സി വേണുഗോപാലിനെ പിന്തുണച്ചെങ്കിലും സംസ്ഥാനത്തെ പൊതുവികാരം സതീശന് അനുകൂലമാണെന്ന തിരിച്ചറിവാണ് ഹൈക്കമാന്‍ഡിനെ ഈ തീരുമാനത്തില്‍ എത്തിച്ചത്.

ഘടകകക്ഷികളുടെ പൂര്‍ണ പിന്തുണയും മൂന്ന് മുന്‍ കെപിസിസി പ്രസിഡന്റുമാരുടെ ഉറച്ച നിലപാടും സതീശന്റെ സ്ഥാനലബ്ധിയില്‍ നിര്‍ണായകമായി. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി ഒരു മാറ്റം ആഗ്രഹിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഈ തീരുമാനം വലിയ ആവേശമാണ് നല്‍കുന്നത്.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം സഭയ്ക്കകത്തും പുറത്തും വി.ഡി സതീശന്‍ കാഴ്ചവെച്ച മികച്ച പ്രകടനവും ഇടതുപക്ഷ ഭരണത്തോടുള്ള ജനരോഷം വോട്ടാക്കി മാറ്റാന്‍ യുഡിഎഫിനെ സജ്ജമാക്കിയ നേതൃപാടവവുമാണ് അദേഹത്തിന് തുണയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.