തുടർച്ചയായ പലിശ നിരക്ക് വർധനവ് ഓസ്‌ട്രേലിയയിൽ വീടുവാങ്ങൽ വിപണിയെ തളർത്തുന്നു; പുതിയ വായ്പകളിൽ വൻ ഇടിവ്

തുടർച്ചയായ പലിശ നിരക്ക് വർധനവ് ഓസ്‌ട്രേലിയയിൽ വീടുവാങ്ങൽ വിപണിയെ തളർത്തുന്നു; പുതിയ വായ്പകളിൽ വൻ ഇടിവ്

മെൽബൺ: ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് തുടർച്ചയായി പലിശ നിരക്ക് വർധിപ്പിക്കുന്നത് രാജ്യത്തെ ഭവന വിപണിയെ ഗുരുതരമായി ബാധിക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. കേന്ദ്ര ബാങ്ക് അടുത്തിടെ തുടർച്ചയായി മൂന്നാം തവണയും പലിശ നിരക്ക് ഉയർത്തിയതോടെ ഭൂരിഭാഗം ആളുകളും സ്വന്തമായി വീട് വാങ്ങാനുള്ള തങ്ങളുടെ പദ്ധതികൾ താൽകാലികമായി ഉപേക്ഷിച്ചതായി പ്രമുഖ സാമ്പത്തിക വിശകലന സ്ഥാപനമായ 'കാൻസ്റ്റാർ' പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ആഴ്ചയായിരുന്നു റിസർവ് ബാങ്ക് കാഷ് റേറ്റ് 4.35 ശതമാനമായി ഉയർത്തിയത്. ഇതോടെ ഭവന വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക കുത്തനെ കൂടുകയും ഓസ്‌ട്രേലിയയിലെ സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത കൂടുതൽ സമ്മർദത്തിലാവുകയും ചെയ്തു.

2026 മാർച്ച് പാദത്തിലെ കണക്കുകൾ പ്രകാരം, രാജ്യത്തെ പുതിയ ഹൗസിങ് വായ്പകളുടെ ശരാശരി തുക കഴിഞ്ഞ വർഷാവസാനത്തെ റെക്കോർഡ് നിരക്കിൽ നിന്നും വലിയ രീതിയിൽ താഴേക്ക് പോയി. ന്യൂ സൗത്ത് വെയിൽസ് , വിക്ടോറിയ എന്നീ പ്രധാന സംസ്ഥാനങ്ങളിലാണ് ഈ ഇടിവ് ഏറ്റവും കൂടുതൽ പ്രകടമായിരിക്കുന്നത്. ഉയർന്ന പലിശ നിരക്ക് കാരണം ഈ മേഖലകളിൽ വീടുകളുടെ വില നേരത്തെ തന്നെ കുറയുന്ന പ്രവണതയാണ് നിലവിലുള്ളത്.

ഉയർന്ന ജീവിതച്ചിലവും പലിശ നിരക്കും കുടുംബ ബജറ്റുകളെ താളം തെറ്റിച്ച സാഹചര്യത്തിൽ ഭവന വായ്പ എടുക്കുന്നതിനെക്കുറിച്ച് പലരും ഇപ്പോൾ പുനരാലോചന നടത്തുകയാണ്. സാധാരണക്കാർ മാത്രമല്ല, വലിയ തോതിൽ നിക്ഷേപ ആവശ്യങ്ങൾക്കായി വീടുകൾ വാങ്ങിയിരുന്നവരും വിപണിയിൽ നിന്നും വലിയ രീതിയിൽ പിന്മാറുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

2026 ലെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം ഇൻവെസ്റ്റർ ഹോം ലോൺ മൂല്യത്തിൽ 1.3 ബില്യൺ ഡോളറിന്റെ കുറവാണ് രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. പലിശ നിരക്ക് ഇനിയും ഉയർന്നേക്കുമെന്ന ആശങ്ക വിപണിയെ കൂടുതൽ നിശ്ചലമാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.