അബുജ: നൈജീരിയയിലെ വിദ്യാലയങ്ങളെ ലക്ഷ്യമിട്ട് ഭീകരർ നടത്തുന്ന ആസൂത്രിത അതിക്രമങ്ങളിൽ ഒരു അധ്യാപകൻ കൂടി ഇരയായി. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ ക്രിസ്ത്യൻ അധ്യാപകനെ ഭീകരർ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി.
ഒയോ സംസ്ഥാനത്തെ ഒഗ്ബോമോഷോയ്ക്ക് സമീപമുള്ള സ്കൂളിലെ പ്രശസ്ത ഗണിതശാസ്ത്ര അധ്യാപകനായ മൈക്കൽ ഒയെദോകുൻ ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ഭീകര സംഘടനകൾ തന്നെ ഓൺലൈൻ വഴി പരസ്യപ്പെടുത്തിയതോടെ രാജ്യത്തുടനീളം കടുത്ത പ്രതിഷേധം പടരുകയാണ്.
മെയ് 15-നാണ് പ്രദേശത്തെ ഭീതിയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. മോട്ടോർ സൈക്കിളുകളിലെത്തിയ സായുധ സംഘം അഹോരോ-എസിനെലെ യവോട്ട മേഖലകളിലെ മൂന്ന് സ്കൂളുകൾ ഒരേസമയം വളയുകയായിരുന്നു. തോക്കുകളുമായി ക്ലാസ് മുറികളിലേക്ക് അതിക്രമിച്ചു കയറിയ ഭീകരർ മൈക്കൽ ഉൾപ്പെടെ ഏഴ് അധ്യാപകരെയും നിരവധി വിദ്യാർത്ഥികളെയും ബലപ്രയോഗത്തിലൂടെ വനമേഖലയിലേക്ക് കടത്തിക്കൊണ്ടുപോയി.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇപ്പോൾ അധ്യാപകന്റെ കൊലപാതക വാർത്ത പുറത്തുവരുന്നത്. ഒപ്പമുള്ള മറ്റ് അദ്ധ്യാപകരുടെയും കുട്ടികളുടെയും നിലവിലെ അവസ്ഥയെക്കുറിച്ച് സുരക്ഷാ വിഭാഗങ്ങൾ ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
അധ്യാപകന്റെ ദാരുണാന്ത്യ വാർത്തയറിഞ്ഞ് ഒഗ്ബോമോഷോയിലെ ജനങ്ങളും അധ്യാപക സംഘടനകളും യുവാക്കളും വലിയ രീതിയിൽ തെരുവിലിറങ്ങി. പ്രധാന പാതകളെല്ലാം ഉപരോധിച്ച പ്രക്ഷോഭകാരികൾ ഗ്രാമീണ മേഖലകളിലെ വിദ്യാലയങ്ങൾക്കും സാധാരണക്കാർക്കും അടിയന്തരമായി സൈനിക സുരക്ഷ ഉറപ്പാക്കണമെന്ന് ഒയോ സർക്കാരിനോട് ആവശ്യപ്പെട്ടു. വനത്തിനുള്ളിൽ പെട്ടുപോയ മറ്റ് അധ്യാപകരെയും കുട്ടികളെയും സുരക്ഷിതമായി മോചിപ്പിക്കാൻ അടിയന്തര സൈനിക ഇടപെടൽ വേണമെന്ന് മനുഷ്യാവകാശ സംഘടനകളും വിവിധ സഭാ നേതൃത്വങ്ങളും സംയുക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
നൈജീരിയയുടെ തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ പണത്തിനായുള്ള തട്ടിക്കൊണ്ടുപോകലുകൾക്ക് പുറമെ കടുത്ത മതപരമായ വിദ്വേഷ അക്രമങ്ങളും സമീപകാലത്തായി വർധിച്ചു വരുന്നതായാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭീകരരുടെ തടങ്കൽപ്പാളയങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ക്രിസ്ത്യൻ തടവുകാരെ കണ്ടെത്തി വധിക്കുന്ന രീതി ഇവിടെ വ്യാപകമാകുകയാണ്. കുട്ടികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സുരക്ഷ അപകടത്തിലായതോടെ വരും ദിവസങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടായേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.