'രാഷ്ട്രീയം പറയാം, ആശയപരമായി ഏറ്റുമുട്ടാം ആയുധമെടുത്താല്‍ കാത്തിരിക്കുന്നത് ജയില്‍'; രാഷ്ട്രീയ കൊലപാതകങ്ങളോട് വിട്ടുവീഴ്ചയില്ലെന്ന് രമേശ് ചെന്നിത്തല

'രാഷ്ട്രീയം പറയാം, ആശയപരമായി ഏറ്റുമുട്ടാം ആയുധമെടുത്താല്‍ കാത്തിരിക്കുന്നത് ജയില്‍'; രാഷ്ട്രീയ കൊലപാതകങ്ങളോട് വിട്ടുവീഴ്ചയില്ലെന്ന് രമേശ് ചെന്നിത്തല

പെരിയ കൊലക്കേസ് പ്രതികളുടെ പരോളില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രാഷ്ട്രീയ കൊലപാതകങ്ങളോട് ഈ സര്‍ക്കാരിന് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ആയുധമെടുത്താല്‍ ജയില്‍ നിങ്ങളെ കാത്തിരിക്കുമെന്നും അദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.

പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികള്‍ക്കാണ് 15 മുതല്‍ 20 ദിവസത്തേക്ക് പരോള്‍ അനുവദിച്ചത്. മുന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് പരോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നാണ് ലഭ്യമാകുന്ന വിവരം.

ഈ സാഹചര്യത്തിലാണ് വിഷയം അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ചെന്നിത്തല ആവശ്യപ്പെട്ടത്. പരോള്‍ അനുവദിച്ചതില്‍ ചട്ട ലംഘനങ്ങളോ രാഷ്ട്രീയ സ്വാധീനങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ രൂപം...

പെരിയ കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യ പോലെ ഒരു ജനാധിപത്യ രാജ്യത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു എന്നതിന്റെ പേരില്‍ മാത്രം രണ്ട് ചെറുപ്പക്കാര്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. അത് ആഭ്യന്തര മന്ത്രി എന്ന നിലയോടൊപ്പം തന്നെ ആ പ്രായത്തിലുള്ള മക്കളുള്ള ഒരു അച്ഛന്‍ എന്ന നിലയിലെ ധര്‍മ്മം കൂടിയാണ്.

ഇത്രയും നിഷ്ഠൂരമായ ഒരു കൊലപാതകക്കേസിലെ പ്രതികള്‍ പുറത്ത് ഒരു കൂസലുമില്ലാതെ നടക്കുക എന്നത് തന്നെ ഒരു സിവില്‍ സൊസൈറ്റിയില്‍ തെറ്റായ സന്ദേശം നല്‍കുന്നതാണ്.

പെരിയ കൊലക്കേസ് എന്ന് മാത്രമല്ല, എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളോടും സീറോ ടോളറന്‍സ് ആയിരിക്കും ഈ സര്‍ക്കാരിന്.
നമുക്ക് നന്നായി രാഷ്ട്രീയം പറയാം, ആശയപരമായി ഏറ്റുമുട്ടാം. ആയുധമെടുത്താല്‍ ജയില്‍ നിങ്ങളെ കാത്തിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.