എന്‍ജിനില്‍ തീപിടിച്ചെന്ന മുന്നറിയിപ്പ്: ബംഗളൂരു-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

എന്‍ജിനില്‍ തീപിടിച്ചെന്ന മുന്നറിയിപ്പ്: ബംഗളൂരു-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

ന്യൂഡല്‍ഹി: ലാന്‍ഡിങിന് തൊട്ടുമുമ്പ് എന്‍ജിനില്‍ തീപിടിച്ചെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ബംഗളൂരു-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തില്‍ ഉണ്ടായിരുന്ന 160 ല്‍ അധികം യാത്രക്കാരും ജീവനക്കാരും പൂര്‍ണ സുരക്ഷിതരാണ്. വ്യാഴാഴ്ച രാത്രി 9:30 ന് ആയിരുന്നു സംഭവം.

ബംഗളൂരുവില്‍ നിന്നും പുറപ്പെട്ട എയര്‍ബസ് എ320 ശ്രണിയില്‍പ്പെട്ട എI 2802 വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഡല്‍ഹി വിമാനത്താവളത്തിലെ റണ്‍വേ 29 ആര്‍-ല്‍ വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷം യാത്രക്കാരെ വേഗത്തില്‍ പുറത്തെത്തിച്ചു. തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിന്നും മാറ്റിയ ശേഷമാണ് രാത്രി 10:18 ഓടെ റണ്‍വേയിലെ വ്യോമ ഗതാഗതം സാധാരണ നിലയിലായത്.

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യാനായി വിമാനം താഴ്ന്നു പറക്കുന്നതിനിടെ കോക്ക്പിറ്റിലെ ഫയര്‍ ഇന്‍ഡിക്കേഷന്‍ പാനലില്‍ ഒരു എന്‍ജിനില്‍ തീപിടിച്ചതായി മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു എന്ന് എയര്‍ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ ഈ മുന്നറിയിപ്പ് യഥാര്‍ത്ഥത്തിലുള്ളതായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ എന്‍ജിനില്‍ യഥാര്‍ത്ഥത്തില്‍ വലിയ തീപിടിത്തം ഉണ്ടായിട്ടുണ്ടോ അതോ മറ്റ് സാങ്കേതിക തകരാറാണോ എന്ന് സ്ഥിരീകരിക്കാന്‍ വിശദമായ പരിശോധനകള്‍ ആവശ്യമാണെന്ന് വ്യോമയാന വൃത്തങ്ങള്‍ സൂചിപ്പിച്ചു.

സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് പൈലറ്റുമാര്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ചത്. സംഭവത്തെക്കുറിച്ച് ഏവിയേഷന്‍ റെഗുലേറ്ററി അതോറിറ്റികളുമായി ചേര്‍ന്ന് വിശദമായ അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

അതേസമയം വ്യാഴാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവിലേക്ക് പറന്ന മറ്റൊരു എയര്‍ ഇന്ത്യ വിമാനവും (AI 2651) അപകടത്തില്‍പ്പെട്ടിരുന്നു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടുകയായിരുന്നു. വിമാനത്താവളത്തിന് സമീപം മറ്റൊരു വലിയ വിമാനം ലാന്‍ഡ് ചെയ്തതു മൂലമുണ്ടായ വായുസഞ്ചാര വ്യതിയാനമാണ് ഈ അപകടത്തിന് കാരണമായത്. ഈ വിമാനത്തിലുണ്ടായിരുന്ന 181 യാത്രക്കാരും സുരക്ഷിതരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.