സുരക്ഷാ വീഴ്ച ഇറാന്‍ സമാധാന കരാറിനെക്കുറിച്ചുള്ള നിര്‍ണായക ചര്‍ച്ചകള്‍ വൈറ്റ് ഹൗസില്‍ പുരോഗമിക്കുന്നതിനിടെ.
വാഷിങ്ടണ്‍: അമേരിക്കയില്‍ വൈറ്റ് ഹൗസിന് സമീപം സുരക്ഷാ ചെക്ക്പോയിന്റിന് നേരെ വെടിവെപ്പ്. യു.എസ് സീക്രട്ട് സര്‍വീസ് നടത്തിയ ശക്തമായ തിരിച്ചടിയില്‍ പരിക്കേറ്റ അക്രമി പിന്നീട് ആശുപത്രിയില്‍ മരണപ്പെട്ടു. സംഭവത്തില്‍ ഒരു വഴിയാത്രക്കാരനും വെടിയേറ്റു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ശനിയാഴ്ച വൈകുന്നേരം ആറോടെ വൈറ്റ് ഹൗസിന് സമീപമുള്ള പതിനേഴാം സ്ട്രീറ്റിന്റെയും പെന്‍സില്‍വാനിയ അവന്യൂവിന്റെയും അടുത്താണ് സംഭവം നടന്നത്. സുരക്ഷാ ബൂത്തിന് സമീപമെത്തിയ 21 കാരനായ നാസിര്‍ ബെസ്റ്റ് എന്ന യുവാവ് തന്റെ ബാഗില്‍ നിന്ന് പെട്ടെന്ന് തോക്കെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മുപ്പതോളം റൗണ്ട് വെടിയൊച്ചകള്‍ കേട്ടതായി പ്രദേശത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉടന്‍ തന്നെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ തിരിച്ചടിക്കുകയും അക്രമിയെ വെടിവച്ചിടുകയുമായിരുന്നു. വെടിയേറ്റ പ്രതിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അക്രമി മുന്‍പും വൈറ്റ് ഹൗസ് പരിസരത്ത് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച് അറസ്റ്റിലായിട്ടുള്ള വ്യക്തിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
വെടിവയ്പ്പ് നടക്കുന്ന സമയത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളില്‍ ഉണ്ടായിരുന്നു. സംഭവത്തെത്തുടര്‍ന്ന് വൈറ്റ് ഹൗസ് സമുച്ചയം കുറച്ച് സമയത്തേക്ക് പൂര്‍ണ്ണമായും അടച്ചിട്ടു. പ്രസിഡന്റോ മറ്റ് സുരക്ഷാ വിഭാഗങ്ങളോ അപകടത്തില്‍പ്പെട്ടിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും സീക്രട്ട് സര്‍വീസ് വക്താവ് അറിയിച്ചു.
ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ചുള്ള നിര്‍ണായക ചര്‍ച്ചകള്‍ വൈറ്റ് ഹൗസില്‍ പുരോഗമിക്കുന്നതിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. താന്‍ ഓഫീസിലുണ്ടെന്നും ഹോര്‍മുസ് കടലിടുക്ക് തുറന്ന് കൊടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടങ്ങിയ ഇറാനുമായുള്ള അന്തിമ സമാധാന കരാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ട്രംപ് സംഭവത്തിന് തൊട്ടുമുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.
സംഭവത്തെക്കുറിച്ച് എഫ്.ബി.ഐ, സീക്രട്ട് സര്‍വീസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സമീപകാലത്ത് അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെ ഉണ്ടാകുന്ന സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തില്‍ വാഷിങ്ടനില്‍ സുരക്ഷ ശക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.