ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങള്‍ നീക്കുക എന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ കാതല്‍. ഇറാന്റെ തുറമുഖങ്ങള്‍ക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കുന്നതിന് പകരമായി കടലിടുക്കിലെ ഗതാഗത തടസങ്ങള്‍ ഇറാന്‍ ഒഴിവാക്കും.
വാഷിങ്ടണ്‍/ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ സമാധാനത്തിനായുള്ള നിര്‍ണായക ചുവടുവെപ്പുമായി അമേരിക്കയും ഇറാനും. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറക്കുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒരു കരട് ധാരണാപത്രത്തില്‍ എത്തിച്ചേര്‍ന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങള്‍ നീക്കുക എന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ കാതല്‍. ഇറാന്റെ തുറമുഖങ്ങള്‍ക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കുന്നതിന് പകരമായി കടലിടുക്കിലെ ഗതാഗത തടസങ്ങള്‍ ഇറാന്‍ ഒഴിവാക്കും.
കൂടാതെ ലെബനന്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കാനും അമേരിക്കയും സഖ്യരാജ്യങ്ങളും തുടര്‍ന്ന് ഇറാനെ ആക്രമിക്കില്ലെന്നും പകരമായി ഇറാനും സഖ്യകക്ഷികളും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് നേരെ തിരിയുകയില്ലെന്നും കരാര്‍ ഉറപ്പു നല്‍കുന്നു.
ചര്‍ച്ചകള്‍ നടക്കുന്ന വേളയില്‍ ഇറാനിയന്‍ എണ്ണ കയറ്റുമതിക്കുള്ള ഉപരോധങ്ങള്‍ ഭാഗികമായി പിന്‍വലിക്കാനും അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ആണവായുധങ്ങള്‍ ഇറാന്‍ ഒരിക്കലും കൈവശം വെക്കില്ലെന്ന കാര്യത്തില്‍ അമേരിക്ക കര്‍ശനമായ നിലപാടാണ് സ്വീകരിക്കുന്നത്. ആണവ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കുമായി 60 ദിവസത്തെ കാലാവധിയാണ് ധാരണാപത്രം അനുവദിക്കുന്നത്.
അതേസമയം തങ്ങളുടെ മരവിപ്പിച്ച ഫണ്ടുകളുടെ ഒരു ഭാഗം ആദ്യ ഘട്ടത്തില്‍ തന്നെ വിട്ടുകിട്ടണമെന്ന് ഇറാന്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ബാക്കി ഫണ്ടുകള്‍ വിട്ടുകിട്ടുന്നതിനുള്ള വ്യക്തമായ സംവിധാനം ചര്‍ച്ചകളിലൂടെ രൂപീകരിക്കണമെന്നും ഇറാന്‍ നിര്‍ദേശിക്കുന്നു.
ഇറാന്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ വിജയിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഉപരോധങ്ങളില്‍ ഇളവ് ലഭിക്കുന്നതും മരവിപ്പിച്ച ആസ്തികള്‍ തിരികെ ലഭിക്കുന്നതും ഇറാന്‍ വലിയൊരു വിജയമായാണ് കാണുന്നത്. എങ്കിലും ഇനിയുമേറെ കടമ്പകള്‍ കടക്കാനുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
37 വര്‍ഷത്തെ ശത്രുതയ്ക്ക് വിരാമം കുറിച്ച് ഈ ധാരണാപത്രം ഒരു വലിയ ആഗോള കരാറിലേക്ക് നയിക്കുമോ എന്നത് വരും ദിവസങ്ങളിലെ ചര്‍ച്ചകളെ ആശ്രയിച്ചിരിക്കും. അവസാന കരാര്‍ നിലവില്‍ വരുന്നതോടെ മാത്രമാകും യഥാര്‍ത്ഥത്തില്‍ വിജയിച്ചത് ആരെന്ന് വ്യക്തമാകുക.
എന്തായാലും ഈ കരാറിനെക്കുറിച്ചുള്ള വാര്‍ത്തകളെ വലിയ പ്രതീക്ഷയോടെയാണ് അന്താരാഷ്ട്ര സമൂഹം കാണുന്നത്. കരാറിലേക്കുള്ള നീക്കത്തെ സ്വാഗതം ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ നിലവില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ചര്‍ച്ചകളില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഡല്‍ഹിയില്‍ വ്യക്തമാക്കി.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നും ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അദേഹം പറഞ്ഞു.
'അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തിന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നു'- അദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ കരാര്‍, മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.