കമ്പാല: അയല്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ (ഡിആര്‍സി) പടര്‍ന്നുപിടിക്കുന്ന മാരകമായ എബോള വൈറസ് ബാധ അതിര്‍ത്തി കടന്ന് ഉഗാണ്ടയിലുമെത്തി. തലസ്ഥാന നഗരമായ കമ്പാലയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യം കനത്ത ജാഗ്രതയിലാണ്. എന്നാല്‍, കോംഗോയെ അപേക്ഷിച്ച് ഉഗാണ്ടയില്‍ നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്.
കോംഗോയില്‍ നിന്നും രോഗലക്ഷണങ്ങളോടെ കമ്പാലയിലെത്തിയ 59 വയസുകാരനാണ് ഉഗാണ്ടയില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. കടുത്ത ലക്ഷണങ്ങളുണ്ടായിരുന്ന ഇയാള്‍ പിന്നീട് മരണപ്പെട്ടു. തുടര്‍ന്ന് കമ്പാലയിലെ മുലാഗോ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച രണ്ടാമതൊരു കോംഗോ സ്വദേശിക്കും കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഉഗാണ്ടയ്ക്കുള്ളില്‍ വെച്ചുള്ള പ്രാദേശിക രോഗ വ്യാപനമോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയോ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, അതീവ ജാഗ്രത പാലിക്കാന്‍ ആരോഗ്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബന്ദിബുഗ്യോ വകഭേദം: ആശങ്കയായി വാക്‌സിന്റെ കുറവ്
തീവ്ര വ്യാപന ശേഷിയുള്ളതും അതീവ അപകടകരവുമായ ബന്ദിബുഗ്യോ എന്ന അപൂര്‍വ ഇനം എബോള വൈറസാണ് ഇപ്പോള്‍ ഇരു രാജ്യങ്ങളിലും പടരുന്നത്. നിലവിലുള്ള സാധാരണ എബോള വാക്‌സിനുകളോ പ്രത്യേക ചികിത്സകളോ ഈ വകഭേദത്തിന് ഫലപ്രദമല്ലെന്നത് ആരോഗ്യവിദഗ്ധരെ വലിയ തോതില്‍ ആശങ്കപ്പെടുത്തുന്നുണ്ട്. എങ്കിലും പ്രാരംഭ ഘട്ടത്തില്‍ തന്നെ കൃത്യമായ ഐസൊലേഷനും തീവ്ര പരിചരണവും ഉറപ്പാക്കിയാല്‍ രോഗികളുടെ ജീവന്‍ രക്ഷിക്കാനാകുമെന്നാണ് വിലയിരുത്തല്‍.
കടുത്ത പനി, ശരീരവേദന, കഠിനമായ ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം, ഗുരുതരമായ അവസ്ഥയില്‍ ശരീരഭാഗങ്ങളില്‍ നിന്നുള്ള രക്തസ്രാവം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
ഡി.ആര്‍ കോംഗോയില്‍ നൂറിലധികം മരണം
അയല്‍ രാജ്യമായ ഡി.ആര്‍ കോംഗോയിലെ ഇട്ടൂരി, വടക്കന്‍ കിവു പ്രവിശ്യകളിലാണ് രോഗ വ്യാപനവും മരണ സംഖ്യയും അതിരൂക്ഷമായി തുടരുന്നത്. ഇവിടെ ഇതിനോടകം എണ്ണൂറോളം സംശയാസ്പദമായ കേസുകളും നൂറിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോംഗോയിലെ ആഭ്യന്തര സംഘര്‍ഷങ്ങളും ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങളും രോഗബാധിതരെ വേഗത്തില്‍ കണ്ടെത്തുന്നതിന് വലിയ തടസങ്ങള്‍ സൃഷ്ടിക്കുന്നു.
രോഗം അതിര്‍ത്തി കടന്ന് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന രാജ്യാന്തര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രവാസികള്‍ക്കും യാത്രക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഉഗാണ്ടന്‍ പ്രസിഡന്റ് യോവേരി മുസെവേനി അഭ്യര്‍ത്ഥിച്ചു. ഹസ്തദാനം ഉള്‍പ്പെടെയുള്ള ശാരീരിക സമ്പര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും എബോള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ അധികൃതരെ വിവരമറിയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഉഗാണ്ടയില്‍ ധാരാളം മലയാളി പ്രവാസികള്‍ ഉള്ളതിനാല്‍ നാട്ടിലുള്ള ബന്ധുക്കളും ആശങ്കയിലാണ്. എന്നാല്‍ ഉഗാണ്ടയില്‍ രോഗ വ്യാപനം നിയന്ത്രണവിധേയമാണെന്നാണ് ആരോഗ്യ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.