ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) തങ്ങളുടെ പ്രകടന പത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ മുഖ്യ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ച് മുഖ്യമന്ത്രി വിജയ്. അധികാരമേറ്റതിന് പിന്നാലെ കർഷകർക്കും സിനിമാ വ്യവസായ മേഖലയ്ക്കും വലിയ ആശ്വാസമേകുന്ന നിർണായക തീരുമാനങ്ങളാണ് ഉന്നതതല അവലോകന യോഗത്തിന് ശേഷം സർക്കാർ പ്രഖ്യാപിച്ചത്.
സഹകരണ ബാങ്കുകൾ വഴി കർഷകർ എടുത്ത 50,000 രൂപ വരെയുള്ള കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളാൻ സർക്കാർ ഉത്തരവിട്ടു. ഉയർന്ന തുക വായ്പയെടുത്തവർക്കും സ്ലാബ് അടിസ്ഥാനത്തിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 50,001 രൂപ മുതൽ 60,000 രൂപ വരെയുള്ള വായ്പകൾക്ക് 40,000 രൂപയും, 60,001 രൂപ മുതൽ 70,000 രൂപ വരെയുള്ള വായ്പകൾക്ക് 30,000 രൂപയുമാണ് സർക്കാർ ഇളവ് നൽകുക. ഈ കടാശ്വാസ പദ്ധതിക്കായി ഏകദേശം 2,000 കോടി രൂപയാണ് സർക്കാർ ഖജനാവിൽ നിന്നും ചിലവഴിക്കുന്നത്.
പ്രകടന പത്രികയിൽ അഞ്ച് ഏക്കർ വരെ ഭൂമിയുള്ളവരുടെ വായ്പകൾ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുതിയ ഉത്തരവിൽ ഭൂമിയുടെ പരിധിയെക്കുറിച്ച് കൃത്യമായ പരാമർശങ്ങളില്ല. തുകയുടെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകളോടെയാണ് നിലവിൽ കടം എഴുതിത്തള്ളുന്നത്.
തമിഴ് സിനിമാ മേഖലയിലെയും തീയേറ്റർ ഉടമകളുടെയും ദീർഘകാലത്തെ ആവശ്യത്തിനും വിജയ് സർക്കാർ അംഗീകാരം നൽകി. പുതിയ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യുന്ന ആദ്യത്തെ ഏഴ് ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലും പ്രതിദിനം അഞ്ച് ഷോകൾ വീതം പ്രദർശിപ്പിക്കാൻ അനുമതി നൽകി ഉത്തരവിറക്കി. നിലവിൽ തമിഴ്‌നാട്ടിൽ പ്രതിദിനം നാല് പ്രദർശനങ്ങൾക്കായിരുന്നു നിയമപരമായ അനുമതി ഉണ്ടായിരുന്നത്.
ഇതിന് പുറമെ പ്രാദേശിക ഉത്സവങ്ങൾ, പൊതു അവധി ദിവസങ്ങൾ, ശനി, ഞായർ ദിവസങ്ങൾ എന്നിവയിലും പ്രത്യേക അനുമതിയില്ലാതെ തന്നെ തിയേറ്ററുകൾക്ക് അഞ്ച് പ്രദർശനങ്ങൾ നടത്താം. മുൻപ് അവധി ദിവസങ്ങളിൽ അഞ്ചാമത് ഒരു ഷോ അധികമായി നടത്താൻ ലൈസൻസിങ് അധികാരികളിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണമായിരുന്നു. ഈ നിബന്ധനയാണ് പുതിയ ഭരണകൂടം ഭേദഗതി ചെയ്തത്. മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങളെ കർഷക സംഘടനകളും തമിഴ് സിനിമാ ലോകവും വലിയ ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.