കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസ് വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ജൂണ്‍ അഞ്ച് മുതല്‍ പ്രാബല്യത്തില്‍

കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസ് വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ജൂണ്‍ അഞ്ച് മുതല്‍ പ്രാബല്യത്തില്‍

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസ് വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവിറങ്ങി. പരിഷ്‌കരിച്ച പുതിയ ഫീസ് ഘടന ജൂണ്‍ അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരും. കെജി മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഈ നിരക്ക് വര്‍ധനവ് ബാധകമായിരിക്കും.

പത്തിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസ് വര്‍ധന നടപ്പിലാക്കുന്നതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ വ്യക്തമാക്കുന്നു. നിലവിലുള്ള ഫീസ് നിരക്കിന്റെ അടിസ്ഥാനത്തിലാണ് വര്‍ധനവ് നിശ്ചയിച്ചിരിക്കുന്നത്.

വാര്‍ഷിക ഫീസിന്റെ അടിസ്ഥാനത്തില്‍ രണ്ട് സ്ലാബുകളായാണ് വര്‍ധനവ് നിശ്ചയിച്ചിട്ടുള്ളത്. 300 മുതല്‍ 500 ദിനാര്‍ വരെ വാര്‍ഷിക ഫീസുള്ള സ്‌കൂളുകള്‍ക്ക് 15 ശതമാനമാണ് വര്‍ധനവ്. 501 ദിനാറിന് മുകളില്‍ വാര്‍ഷിക ഫീസുള്ള സ്‌കൂളുകള്‍ക്ക് 10 ശതമാനമാണ് വര്‍ധനവ്.

പുതുക്കിയ വാര്‍ഷിക നിരക്കുകള്‍:

കെ.ജി വിഭാഗം: 391 ദിനാര്‍

ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകള്‍: 435 ദിനാര്‍

ആറ് മുതല്‍ എട്ട് വരെ ക്ലാസുകള്‍: 500 ദിനാര്‍

ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകള്‍: 561 ദിനാര്‍

അതേസമയം പ്രവാസ ലോകത്ത് ജീവിതച്ചെലവുകള്‍ ദിനംപ്രതി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പെട്ടെന്നുണ്ടായ ഈ തീരുമാനം സാധാരണക്കാരായ പ്രവാസി രക്ഷിതാക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. എന്നാല്‍ രക്ഷിതാക്കളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് വിദ്യാലയങ്ങള്‍ക്ക് അധികൃതര്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

സ്‌കൂളുകള്‍ക്ക് അംഗീകൃത ഫീസിന് പുറമെ യാതൊരുവിധ അധിക തുകയും ഈടാക്കാന്‍ അനുമതിയുണ്ടായിരിക്കില്ല. കൂടാതം വര്‍ധിപ്പിച്ച ഫീസ് തുക ഒരുമിച്ച് വാങ്ങരുത്. മൂന്ന് തവണകളായി മാത്രമേ സ്വീകരിക്കാവൂ എന്നും നിര്‍ദേശം ഉണ്ട്. ഫീസ് കുടിശിക വരുത്തിയെന്ന കാരണത്താല്‍ ഒരു വിദ്യാര്‍ഥിയെയും പഠനത്തില്‍ നിന്നോ ക്ലാസുകളില്‍ നിന്നോ പരീക്ഷകളില്‍ നിന്നോ വിലക്കാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.