ടെഹ്‌റാന്‍: ബന്ദര്‍ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി കുവൈറ്റിലെ യു.എസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്.
പ്രാദേശിക സമയം പുലര്‍ച്ചെ 4:50 ഓടെ തങ്ങള്‍ പ്രത്യാക്രമണം നടത്തിയതായാണ് ഐആര്‍ജിസി അവകാശപ്പെട്ടത്. തങ്ങള്‍ ലക്ഷ്യമിട്ട യു.എസ് വ്യോമതാവളം ഏതാണെന്ന് ഇറാന്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അമേരിക്കയുടെ ഭാഗത്തുനിന്ന് ഇനി എന്തെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ അതിന് ഇതിലും ശക്തമായ രീതിയില്‍ മറുപടി നല്‍കുമെന്നാണ് ഐആര്‍ജിസിയുടെ മുന്നറിയിപ്പ്.
അതിനിടെ മിസൈല്‍, ഡ്രോണ്‍ ആക്രമണം നേരിട്ടതായി കുവൈറ്റ്് സൈന്യം സ്ഥിരീകരിച്ചു. എന്തിനെയാണ് ലക്ഷ്യമിട്ടതെന്നോ കൂടുതല്‍ വിവരങ്ങളോ സൈന്യം പുറത്തു വിട്ടിട്ടില്ല.
ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം പുതിയ സൈനിക നടപടി സ്ഥിരീകരിച്ചതിന് തൊട്ടു പിന്നാലെയാണ് ഇറാന്റെ പ്രത്യാക്രമണം. ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്റെ നാല് ആക്രമണ ഡ്രോണുകള്‍ തങ്ങള്‍ വെടിവെച്ചിട്ടതായി യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
ഇതിനുപുറമേ ബന്ദര്‍ അബ്ബാസിന് സമീപം മറ്റൊരു ഡ്രോണ്‍ വിക്ഷേപിക്കാന്‍ തയ്യാറെടുക്കുകയായിരുന്ന ഇറാന്റെ ഒരു ഡ്രോണ്‍ ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനും യുഎസ് സൈന്യം ആക്രമിച്ചു തകര്‍ത്തു. എന്നാല്‍ ഈ സൈനിക നടപടി തികച്ചും പരിമിതവും പ്രതിരോധപരവും മാത്രമായിരുന്നുവെന്നും ഏപ്രില്‍ ആദ്യം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇതെന്നും യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതിനിടെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നു പോകാന്‍ ശ്രമിച്ച അമേരിക്കയുമായി ബന്ധമുള്ള ഒരു എണ്ണക്കപ്പലിന് നേരെ ഐആര്‍ജിസി മുന്നറിയിപ്പ് വെടിയുതിര്‍ത്തതായും ഇതുമൂലം കപ്പലിന് പിന്തിരിയേണ്ടി വന്നതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ സൈന്യത്തിന്റെ അനുമതിയില്ലാതെ ഈ ജലപാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ച മറ്റ് നാല് കപ്പലുകളെയും ഇറാന്റെ നാവികസേന മുന്നറിയിപ്പ് നല്‍കി തിരിച്ചയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.