റോം: കപ്പുച്ചിൻ സന്യാസിയും ആഗോള കത്തോലിക്കാ സഭയിലെ മഹാവിശുദ്ധനുമായ പാദ്രെ പിയോ ഇറ്റലിയിലെ സാൻ ജിയോവന്നി റൊത്തോന്തോയിൽ സ്ഥാപിച്ച ‘കാസ സൊള്ളിയെവോ ദെല്ല സൊഫെറൻസ’ എന്ന വിഖ്യാത ആശുപത്രിയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ അടിയന്തര ഇടപെടലുമായി ലിയോ മാർപാപ്പ. ആശുപത്രിയുടെ നിലനിൽപ്പിനായുള്ള സമഗ്ര നവീകരണ പദ്ധതിയുടെ ഭാഗമായി ഇതിന്റെ ഭരണം നിർവഹിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പരിശുദ്ധ പിതാവ് പുതിയ ഉന്നതാധികാര കമ്മീഷനെ നിയമിച്ചു.
'ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്ന ഭവനം' എന്ന പേരിൽ അറിയപ്പെടുന്ന ഈ ആശുപത്രി നിലവിൽ ഗുരുതരമായ സാമ്പത്തിക-പ്രവർത്തന ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തിലാണ് വത്തിക്കാന്റെ ഈ നിർണായക നടപടി. ഇനി മുതൽ ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങളെ നയിക്കുന്നതും നിരീക്ഷിക്കുന്നതും മാക്സിമോ കബയ്യേറോ ലേദോ അധ്യക്ഷനായുള്ള വത്തിക്കാനിലെ ധനകാര്യവിഭാഗം സെക്രട്ടറിയേറ്റിന്റെ പ്രത്യേക കമ്മീഷനായിരിക്കും.
പരിശുദ്ധ സിംഹാസനത്തിന്റെ പൈതൃക സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന വിഭാഗം സെക്രട്ടറി ഫാബിയോ ഗാസ്പെരീനി കമ്മീഷന്റെ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്നതിൽ അധ്യക്ഷനെ സഹായിക്കും. ആശുപത്രിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നിലവിലെ സാമ്പത്തികസ്ഥിതി, നടത്തിപ്പ്, ധനവിനിയോഗം എന്നിവ സൂക്ഷ്മമായി പരിശോധിക്കുകയാണ് കമ്മീഷന്റെ പ്രാഥമിക ചുമതല.
ഇതിന്റെ അടിസ്ഥാനത്തിൽ ഹ്രസ്വ-ദീർഘകാല നവീകരണ പദ്ധതികൾക്ക് വേണ്ട നിർദ്ദേശങ്ങൾ സമർപ്പിക്കുകയും മാർപാപ്പയുടെ നേരിട്ടുള്ള അംഗീകാരത്തോടെ അവ നടപ്പിലാക്കുകയും ചെയ്യും.
1956 മെയ് അഞ്ചിനാണ് വിശുദ്ധ പാദ്രെ പിയോ ഈ കാരുണ്യാലയത്തിന് തുടക്കം കുറിച്ചത്. ആധുനിക ശാസ്ത്രപരീക്ഷണങ്ങളും അത്യാധുനിക ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കുന്ന മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൂടിയായ ഈ കേന്ദ്രം ആഗോളതലത്തിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഏതാണ്ട് ആയിരത്തിനടുത്ത് കിടക്കകളും മൂവായിരത്തോളം ജീവനക്കാരുമുള്ള ഇവിടെ വർഷംതോറും അറുപതിനായിരത്തിലധികം കിടപ്പു രോഗികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് സൗജന്യവും കുറഞ്ഞ നിരക്കിലുമുള്ള വിദഗ്ദ്ധ ചികിത്സ തേടിയെത്തുന്നത്.
വിശുദ്ധ പാദ്രെ പിയോ പ്രാർത്ഥനയാലും കണ്ണീരാലും പടുത്തുയർത്തിയ ഈ പുണ്യസ്ഥാപനം അതിന്റെ പഴയ പ്രതാപത്തോടെയും ആത്മീയ ചൈതന്യത്തോടെയും നിലനിർത്താൻ ലിയോ മാർപാപ്പയുടെ നേതൃത്വത്തിൽ വത്തിക്കാൻ നടത്തുന്ന ഈ ഇടപെടൽ വലിയ പ്രതീക്ഷയോടെയാണ് വിശ്വാസലോകം കാണുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.