അമേരിക്കയിൽ പ്രവാസി മലയാളി മാമാങ്കം; രണ്ട് ഗിന്നസ് റെക്കോർഡുകളോടെ ഫൊക്കാന കൺവെൻഷൻ ഓഗസ്റ്റിൽ

അമേരിക്കയിൽ പ്രവാസി മലയാളി മാമാങ്കം; രണ്ട് ഗിന്നസ് റെക്കോർഡുകളോടെ ഫൊക്കാന കൺവെൻഷൻ ഓഗസ്റ്റിൽ

ന്യൂയോർക്ക്: അമേരിക്കയിലെ പ്രവാസി മലയാളി സംഘടനകളുടെ പ്രമുഖ കൂട്ടായ്മയായ ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവെൻഷൻ ചരിത്ര താളുകളിലേക്ക്. ഒട്ടനവധി പുതുമകളോടെ 2026 ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ പ്രകൃതിരമണീയമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിലാണ് ഈ മഹാമേള അരങ്ങേറുന്നത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി, ഗവർണർമാർ, പ്രമുഖ വ്യവസായി പത്മശ്രീ എം.എ യൂസഫലി, സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി വിശിഷ്ടാതിഥികൾ കൺവെൻഷനിൽ സംബന്ധിക്കും.

കേരളീയ കലകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ രണ്ട് ഗിന്നസ് റെക്കോർഡ് ശ്രമങ്ങളാണ് കൺവെൻഷന്റെ പ്രധാന ആകർഷണം. പ്രമുഖ നൃത്ത അധ്യാപിക ഗുരു ബീനാ മേനോന്റെ നേതൃത്വത്തിൽ അമേരിക്കയിലെ വിവിധ നൃത്താധ്യാപകരെ ഉൾപ്പെടുത്തി ആയിരത്തിലധികം നർത്തകിമാർ ഒരേ വേഷത്തിൽ അണിനിരക്കുന്ന മോഹിനിയാട്ട സമർപ്പണം നടക്കും. കേരളത്തിന് പുറത്ത് ഇത്തരമൊരു ഗിന്നസ് ശ്രമം ആദ്യമായാണ്.

പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയുടെയും കലാമണ്ഡലം ശിവദാസിന്റെയും നേതൃത്വത്തിൽ 500-ലധികം ചെണ്ട വിദ്വാന്മാർ ഒരേ വേഷത്തിലും താളത്തിലും അണിനിരന്ന് പഞ്ചാരിമേളത്തിൽ പുതിയ ഗിന്നസ് റെക്കോർഡ് കുറിക്കാൻ ഒരുങ്ങും. നാല് വർഷങ്ങൾക്ക് മുൻപ് പ്രൊഫഷണൽ മാജിക് രംഗത്തോട് വിടപറഞ്ഞ പ്രൊഫ. ഗോപിനാഥ് മുതുകാട് ഫൊക്കാനയ്ക്ക് വേണ്ടി വീണ്ടും ഇന്ദ്രജാലക്കാരന്റെ കുപ്പായമണിയുന്നു എന്നത് കൺവെൻഷന്റെ സവിശേഷതയാണ്. കൺവെൻഷന്റെ ആദ്യദിനം അദേഹത്തിന്റെ മാജിക് ഷോ അരങ്ങേറും.

സമാപന സമ്മേളനത്തിന് ശേഷം നടക്കുന്ന ഫൊക്കാന ഫിലിം അവാർഡ് നൈറ്റിൽ നവ്യ നായർ, സിദ്ധിഖ്, അന്നാ ബെൻ, നാദിർഷ തുടങ്ങി മലയാള സിനിമയിലെ ഒരു ഡസനിലേറെ പ്രമുഖ താരങ്ങൾ പങ്കെടുക്കും. കൺവെൻഷന്റെ രണ്ടാം ദിവസം അമേരിക്കയിലെ പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രത്യേക ഈവനിംഗ് ഷോയും ഉണ്ടായിരിക്കും.

ഫൊക്കാനയുടെ ത്രിദിന മഹാസമ്മേളനം വൈവിധ്യമാർന്ന കലാ-സാംസ്കാരിക, സാഹിത്യ, ബിസിനസ് പരിപാടികളാൽ സമ്പന്നമാകും. ഓഗസ്റ്റ് ആറിന് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ 200 പേരുടെ പഞ്ചാരിമേളത്തോടുകൂടിയ ഭവ്യ ഘോഷയാത്രയും സുഹൈദ് കുക്കുവിന്റെ നേതൃത്വത്തിൽ 100 നർത്തകർ അണിനിരക്കുന്ന ഓപ്പണിങ് ഡാൻസും സമ്മേളനത്തിന് തുടക്കമിടും.

ഓഗസ്റ്റ് ഏഴിന് ഫൊക്കാന ജനറൽ ബോഡി യോഗം, തിരഞ്ഞെടുപ്പ് പ്രക്രിയ, യൂത്ത് ഫെസ്റ്റിവൽ, സ്പെല്ലിങ് ബി മത്സരം, സാഹിത്യ സമ്മേളനം, മീഡിയ-ഹെൽത്ത് സെമിനാറുകൾ, ചട്ടുകളി മത്സരം, മലയാളി മങ്ക് എന്നിവ നടക്കും. ഓഗസ്റ്റ് എട്ടിന് പ്രശസ്തമായ ‘മിസ് ഫൊക്കാന’ മത്സരം, എം. എ യൂസഫലി യോടൊപ്പമുള്ള ബിസിനസ് മീറ്റിംഗ്, പഞ്ചാരിമേളം-മോഹിനിയാട്ട ഗിന്നസ് റെക്കോർഡ് ശ്രമങ്ങൾ, സമാപന സമ്മേളനം, ഫിലിം അവാർഡ് നൈറ്റ് എന്നിവയോടെ മഹാസമ്മേളനത്തിന് തിരശീല വീഴും.

ചരിത്രത്തിലാദ്യമായി കൺവെൻഷൻ ആരംഭിക്കുന്നതിന് എട്ട് മാസം മുൻപ് തന്നെ കൽഹാരി റിസോർട്ടിലെ റൂമുകളെല്ലാം വിറ്റുതീർന്നു. റൂമുകളുടെ അപര്യാപ്തത പുതിയ രജിസ്‌ട്രേഷനുകൾക്ക് തടസമാകുന്നുണ്ടെങ്കിലും നാലായിരത്തിലധികം പേർ ഈ മഹാസംഗമത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ-ഔട്ട്ഡോർ വാട്ടർ പാർക്കുകളിൽ ഒന്നായ കൽഹാരി റിസോർട്ടിൽ നടക്കുന്ന ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.