പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം | മെയ് 31 | മുപ്പത്തിയൊന്നാം തീയതി

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം | മെയ് 31 | മുപ്പത്തിയൊന്നാം തീയതി

*ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു”(ലൂക്കാ 1:30).

ആദ്ധ്യാത്മിക ജീവിതത്തില്‍ മറിയത്തിനുള്ള സ്ഥാനം

പരിശുദ്ധ കന്യകയ്ക്ക് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ സുപ്രധാനമായ ഒരു പങ്കുണ്ട്. ആദ്ധ്യാത്മിക ജീവിതത്തില്‍ വേണ്ടവിധം നാം പക്വത പ്രാപിക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം പ.കന്യകയ്ക്ക് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിലുള്ള സ്ഥാനമെന്താണെന്നു വേണ്ടവിധം മനസ്സിലാകാത്തതിനാലാണ്. ദിവ്യജനനിയോട് ആഴമായ ഒരു ഭക്തി ഉണ്ടായേ മതിയാവൂ. ഈശോമിശിഹാ പ.കന്യകയുടെയും പരിശുദ്ധാത്മാവിന്‍റെയും സംയുക്ത പ്രവര്‍ത്തനത്താല്‍ രൂപീകൃതനായി. മൗതിക ശരീരവും പ.കന്യകയുടെ സാന്നിദ്ധ്യത്തിലാണ് രൂപം കൊണ്ടത്. ഇതുപോലെ ഓരോ ക്രിസ്ത്യാനിയുടെയും രൂപീകരണത്തില്‍ പരിശുദ്ധ കന്യകയ്ക്ക് സുപ്രധാനമായ ഒരു പങ്കു വഹിക്കുവാനുണ്ട്. അക്കാര്യം നാം വേണ്ടവിധത്തില്‍ മനസ്സിലാക്കിയിട്ടുണ്ടോ? ആധുനിക യുഗത്തില്‍ പലരും പ.കന്യകയോടുള്ള ഭക്തിക്കു വേണ്ടവിധത്തില്‍ സ്ഥാനം നല്‍കിയിട്ടില്ല. തന്നിമിത്തം നാം ഇന്ന് വിശ്വാസത്തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു. പ.കന്യകയോടുള്ള ഭക്തി മന്ദീഭവിക്കുമ്പോള്‍ വിശ്വാസത്തകര്‍ച്ച ഉണ്ടാകുമെന്നുള്ളത് നിസ്തര്‍ക്കമാണ്.

ഇന്നു ലോകവ്യാപകമായി സാത്താന്‍ തന്റെ പ്രവര്‍ത്തനം വ്യാപിക്കുന്നുണ്ട്. കമ്മ്യൂണിസം, ഭൗതികവാദം, ധാര്‍മ്മികാധ:പതനം മുതലായവയാണ് അതിനു കാരണം. “എനിക്ക് സ്വര്‍ഗ്ഗത്തെ നീക്കിക്കളയുവാന്‍ സാധിക്കുകയില്ലെങ്കില്‍ ഞാന്‍ സകല നാരകീയ ശക്തികളെയും സ്വര്‍ഗ്ഗത്തിനെതിരായി അണിനിരത്തുമെന്ന്” ഫ്രോയിഡ് എന്ന മനശാസ്ത്രജ്ഞന്‍ പറഞ്ഞിരിന്നു. അതിനുവേണ്ടി അദ്ദേഹം കണ്ടുപിടിച്ചതാണ് അദ്ദേഹത്തിന്‍റെ ലൈംഗികാതിപ്രസരവാദം. കാറല്‍ മാര്‍ക്സ് അദ്ദേഹത്തിന്‍റെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലൂടെ മനുഷ്യനെ കേവലം സാമ്പത്തിക ജീവിയായി അവതരിപ്പിച്ചു. ഡാര്‍വിന്‍റെ പരിണാമവാദം മനുഷ്യനെ മൃഗവുമാക്കിത്തീര്‍ത്തു.

ഇപ്രകാരമുള്ള എല്ലാ ഭൗമിക വാദങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് ദിവ്യജനനി ലൂര്‍ദ്ദില്‍ പ്രത്യക്ഷപ്പെട്ട് പ്രഖ്യാപിച്ചു: “ഞാന്‍ അമലോത്ഭവയാകുന്നു.” കൂടാതെ പ.കന്യകയുടെ സ്വര്‍ഗ്ഗാരോഹണം ലൗകിക അതികായകത്വത്തിനു മറുപടിയാണ്. മനുഷ്യ മഹത്വത്തെപ്പറ്റി അമലോത്ഭവ സത്യത്തിലൂടെ മറിയം നല്‍കുന്ന സന്ദേശം മനുഷ്യന്‍ പദാര്‍ത്ഥ പരിണാമത്തിന്‍റെ പ്രതിഭാസം മാത്രമല്ല എന്നതാണ്. എല്ലാ നാരകീയശക്തികള്‍ക്കുമെതിരായി പ.കന്യക നമുക്ക് നല്‍കിയിരിക്കുന്ന ദിവ്യായുധമാണ് ജപമാല. ജപമാലയിലൂടെ പ.കന്യക വഴി ഈശോ നമ്മില്‍ ജീവിക്കുന്നു. മനുഷ്യജീവിതത്തിന്‍റെ പ്രകൃത്യാതീതമായ മൂല്യം അതു നമ്മെ അനുദിനം അനുസ്മരിപ്പിക്കുന്നു. മറിയം വഴി പ.ത്രിത്വത്തോടുള്ള ഒരു സംഭാഷണമാണ് ജപമാല; സുവിശേഷ സംഗ്രഹമെന്ന് ജപമാലയെ വിശേഷിപ്പിക്കാം. പരിശുദ്ധ ത്രിത്വത്തിനും ഈശോമിശിഹായ്ക്കും പ.കന്യകയ്ക്കും മഹത്വം നല്‍കുന്ന മനോഹരമായ പ്രാര്‍ത്ഥനയാണ് ജപമാല.

ജപമാല എല്ലാ കുടുംബങ്ങളെയും പവിത്രീകരിക്കുന്നു. നമ്മുടെ സന്തോഷ ദുഃഖങ്ങളെയും വിജയങ്ങളെയും പരിത്രാണപരിപാടിയുടെ വെളിച്ചത്തില്‍ വിലയിരുത്തി ജീവിതത്തിനു മൂല്യം കൊണ്ട് വരുന്ന അത്ഭുതാവഹമായ പ്രാര്‍ത്ഥനയെന്ന് 53 മണി ജപത്തെ വിശേഷിപ്പിക്കാം. പ.കന്യകാ മറിയത്തോടുള്ള ഭക്തിക്ക് ത്രിത്വപരവും ക്രിസ്തുപരവും സഭാപരവും മാനുഷികവുമായ വശമുണ്ട്. അത് നാം മനസ്സിലാക്കി എല്ലാ ദിവസവും ജപമാല ഭക്തിപൂര്‍വ്വം ജപിക്കണം. തിരുസഭ പല പ്രതിസന്ധിഘട്ടങ്ങളെയും ജപമാല ഭക്തിയിലൂടെ വിജയപൂര്‍വ്വം തരണം ചെയ്തു. ആധുനിക ലോകത്തിന്‍റെ ഭാവി ഭാഗധേയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ദൈവജനനിക്ക് സുപ്രധാനമായ ഒരു സ്ഥാനമുണ്ട് എന്നുള്ള വസ്തുത മനസ്സിലാക്കി ജപമാല ഭക്തിപൂര്‍വ്വം ജപിക്കുക. ലൂര്‍ദ്ദിലും ഫാത്തിമായിലും എല്ലാം കന്യകാ മറിയം ലോകത്തിനു നല്‍കിയ ആഹ്വാനം ജപമാലയുടേതാണ്.

സംഭവo

വി. ഗ്രിഞ്ഞോണ്‍ ദെ മോണ്‍ഫോര്‍ട്ട് ഒരു സംഭവം അദ്ദേഹത്തിന്‍റെ ജപമാലയെക്കുറിച്ചുള്ള ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. ഒരിക്കല്‍ ഒരു ജപമാലഭക്തന്‍ കൊള്ളകാരുടെ സംഘത്തിന്‍റെ കരങ്ങളില്‍പ്പെട്ടു. ഈ സംഘം അദ്ദേഹത്തിന്‍റെ പണം തട്ടിയെടുത്തതിനു ശേഷം അദ്ദേഹത്തെ വധിക്കുവാന്‍ ഒരുങ്ങി. മരിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിറ്റ് സമയം പ്രാര്‍ത്ഥിക്കുവാന്‍ അവസരം കൊടുക്കണമെന്നദ്ദേഹം അഭ്യര്‍ത്ഥിച്ചു. അവര്‍ അതിനനുവദിച്ചു. ജപമാലഭക്തന്‍ ഉടന്‍തന്നെ കൊന്ത എടുത്ത് ജപമാല ആരംഭിച്ചു. അയാള്‍ ജപമാല ജപിച്ചുകൊണ്ടിരുന്നപ്പോള്‍ സുന്ദരിയായ ഒരു സ്ത്രീ അയാളുടെ പക്കല്‍ വന്ന് ഒരു റോസാ പുഷ്പം അയാളെ ധരിപ്പിക്കുന്നതായി തസ്കരസംഘ നേതാവ് കണ്ടു. അത് പ.അമ്മയായിരുന്നു. തല്‍ഫലമായി അവര്‍ ആ യാത്രക്കാരനെ നിരുപാധികം വിട്ടയച്ചു. അയാളില്‍ നിന്ന് അപഹരിച്ച പണവും തിരിച്ചുകൊടുത്തു. ഇതുപോലെ നാം എല്ലാ ദിവസവും ജപമാല ഭക്തിപൂര്‍വ്വം ജപിക്കുമെങ്കില്‍ ദിവ്യജനനിയുടെ പരിലാളന നമുക്കു ലഭിക്കുമെന്നുള്ളത് നിസ്തര്‍ക്കമാണ്. പ്രത്യേകിച്ചും നാരകീയ ശത്രുവിന്‍റെ ഉപദ്രവങ്ങളില്‍ നിന്നും മറിയം നമ്മെ രക്ഷിക്കും.

പ്രാര്‍ത്ഥന

പരിശുദ്ധ കന്യകാമറിയമേ, അങ്ങ് ഞങ്ങളുടെ സങ്കേതമാണ്. ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമേ. അമലോത്ഭവ കന്യകയെ, ഞങ്ങള്‍ ഈശോമിശിഹായ്ക്കും നിനക്കും ഉള്ളവരാകുവാന്‍ മനസ്സായിരിക്കുന്നു. എന്റെ ആത്മാവിനെയും ശരീരത്തെയും ഓര്‍മ, ബുദ്ധി, മനസ്സ്, ശരീരം എന്നിവയേയും അങ്ങേയ്ക്കു കാഴ്ച വയ്ക്കുന്നു. നീ എന്നെ അനുഗ്രഹിച്ച് എന്റെ രക്ഷയായിരിക്കേണമേ. എന്നെ എല്ലാ പാപങ്ങളില്‍ നിന്നും സംരക്ഷിച്ച് ആത്മശരീര വിശുദ്ധിയോടുകൂടി ജീവിക്കുവാന്‍ സഹായിക്കണമേ. പിതാവായ ദൈവത്തിന്‍റെ പുത്രിയും പുത്രനായ ദൈവത്തിന്‍റെ മാതാവും പരിശുദ്ധാത്മാവിന്‍റെ പ്രിയമുള്ള മണവാട്ടിയുമായ പ.കന്യകയെ, ഞങ്ങളെ അനുഗ്രഹിക്കണമേ.

 വിശുദ്ധ ബര്‍ണ്ണര്‍ദോസിന്റെ ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ

1 നന്മ

1 ത്രിത്വ

(മൂന്നു പ്രാവശ്യം ചൊല്ലുക)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.