അറ്റ്ലാന്റ: അമേരിക്കയിലെ അറ്റ്‌ലാന്റയിൽ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റർ ദുരന്തത്തിൽ മലയാളിയായ നവവരൻ മരിച്ചു. മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയിൽ ഫിജി ജോർജിന്റെയും ഫേബയുടെയും മകൻ ഡേവ് ഫിജി (26) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ വധു തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടിൽ സാം - ഷീല ദമ്പതികളുടെ മകൾ ജെസ്‌നി (25) ആശുപത്രിയിൽ ചികിത്സയിലാണ്. ഹെലികോപ്റ്റർ പൈലറ്റും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
അമേരിക്കൻ സമയം വെള്ളിയാഴ്ച രാത്രി 10 മണിയോടെ ജോർജിയയിലെ ഡോസൺ കൗണ്ടിയിലായിരുന്നു അപകടം. വിവാഹ സൽകാരത്തിന് ശേഷം റോബിൻസൺ ആർ 66 ഹെലികോപ്റ്ററിൽ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു നവദമ്പതികൾ. ഡോസൺവില്ലയിലെ വിജനമായ പ്രദേശത്ത് വെച്ചാണ് ഹെലികോപ്റ്റർ തകർന്നു വീണത്.
അപകടത്തിൽ ബോധരഹിതയായ ജെസ്‌നി, അഞ്ചു മണിക്കൂറിന് ശേഷം ബോധം തെളിഞ്ഞ ഉടൻ ഹെൽപ്പ്‌ലൈനിൽ വിളിച്ചാണ് വിവരം അറിയിച്ചത്. തുടർന്ന് രക്ഷാപ്രവർത്തകർ എത്തിയാണ് ജെസ്‌നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡെൽറ്റ എയർലൈൻസിലെ പൈലറ്റായിരുന്നു മരിച്ച ഡേവ് ഫിജി.
കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഹെലികോപ്റ്റർ മരച്ചില്ലയിൽ തട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം തിങ്കളാഴ്ച വിട്ടുകിട്ടുമെന്നും വ്യാഴാഴ്ച അറ്റ്‌ലാന്റയിൽ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും നടക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.