തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് ആരംഭിക്കാനിരിക്കെ കേരള നിയമസഭ വീണ്ടുമൊരു രാഷ്ട്രീയ യുദ്ധക്കളമാകുമെന്ന് സൂചന. ഭരണ-പ്രതിപക്ഷ നിരകള്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങളോടെ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇന്നത്തെ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പും ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടും.
പുതിയ ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ഇന്നത്തെ സഭയുടെ ആദ്യ പ്രധാന അജണ്ട. യുഡിഎഫിനായി അരൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാനും, എല്‍ഡിഎഫിനായി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിനും തമ്മിലാണ് പ്രധാന മത്സരം. ഇരു മുന്നണികള്‍ക്കും സഭയില്‍ തങ്ങളുടെ അംഗബലം തെളിയിക്കാനുള്ള അവസരമാണിത്. അതേസമയം ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും.
ഇത്തവണത്തെ നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ അണിനിരത്തുന്ന വിമര്‍ശനങ്ങള്‍ സഭയെ ഉറ്റുനോക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. പ്രതിപക്ഷത്തിന്റെ മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വി.ഡി സതീശന്‍ നല്‍കുന്ന മറുപടിയും സഭയിലെ രാഷ്ട്രീയ വാക്‌പോരുകള്‍ക്ക് പുതിയ ദിശ നല്‍കും.
സംസ്ഥാനത്ത് അടുത്തിടെയുണ്ടായ രാഷ്ട്രീയ കോളിളക്കങ്ങള്‍ സഭയില്‍ ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാടകവീട്ടില്‍ ഇ.ഡി നടത്തിയ റെയ്ഡ് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇത് പ്രതിപക്ഷം സഭയില്‍ ചര്‍ച്ചയാക്കും. കൂടാതെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്താത്തത് സംസ്ഥാന ഭരണകൂടത്തിന് ആര്‍എസ്എസിനോടുള്ള മൃദു സമീപനത്തിന്റെ തെളിവാണെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തും.
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങള്‍ കൃത്യമായി ഉന്നയിച്ച് പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ മൂര്‍ച്ച കുറയ്ക്കാനാണ് ഭരണപക്ഷം തയ്യാറെടുക്കുന്നത്. വരും ദിവസങ്ങളില്‍ കടുത്ത രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്കും ഭരണ-പ്രതിപക്ഷ ചേരിതിരിവുകള്‍ക്കും നിയമസഭ സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.