പുറത്താക്കപ്പെട്ട നേതാവിനൊപ്പം 58 ടിഎംസി എംഎല്‍എമാര്‍ സ്പീക്കറെ കണ്ടു; തൊട്ടു പിന്നാലെ എല്ലാ പാര്‍ട്ടി കമ്മിറ്റികളും പിരിച്ചുവിട്ട് ടിഎംസി

പുറത്താക്കപ്പെട്ട നേതാവിനൊപ്പം  58 ടിഎംസി എംഎല്‍എമാര്‍ സ്പീക്കറെ കണ്ടു; തൊട്ടു പിന്നാലെ  എല്ലാ പാര്‍ട്ടി കമ്മിറ്റികളും പിരിച്ചുവിട്ട് ടിഎംസി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ പരസ്യമായ പിളര്‍പ്പിലേക്ക്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ ഋതബ്രത ബാനര്‍ജിയെ പിന്തുണച്ച് 58 ടിഎംസി എംഎല്‍എമാര്‍ നിയമസഭാ സ്പീക്കറെ സമീപിച്ചു.

അതിനിടെ ഇന്ന് മമത ബാനര്‍ജി നേതൃത്വം നല്‍കിയ പ്രതിഷേധ യോഗത്തില്‍ എട്ട് എംഎല്‍മാര്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് പശ്ചിമ ബംഗാളിലെ എല്ലാ പാര്‍ട്ടി കമ്മിറ്റികളും പിരിച്ചുവിട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

എണ്‍പത് എംഎല്‍എമാരാണ് പാര്‍ട്ടിക്ക് ആകെയുള്ളത്. എന്നാല്‍ മമതയുടെ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തത് എട്ട് എംഎല്‍മാര്‍ മാത്രവും. ഭൂരിപക്ഷം എംപിമാരും യോഗത്തില്‍ നിന്നും വിട്ടു നിന്നു. ലോക്‌സഭയിലും രാജ്യസഭയിലുമായി ടിഎംസിക്ക് 42 എംപിമാരുണ്ട്. എന്നാല്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത് ആറ് എംപിമാര്‍ മാത്രം.

ഈ തിരിച്ചടിക്ക് തൊട്ടു പിന്നാലെയാണ് സംഘടനാ കമ്മിറ്റികള്‍ പിരിച്ചുവിട്ടതായി ടിഎംസി 'എക്സി'ലൂടെ വ്യക്തമാക്കിയത്. 'ശ്രദ്ധാപൂര്‍വ്വമായ പരിഗണനയ്ക്ക് ശേഷം, ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പശ്ചിമ ബംഗാളിലെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും അടിയന്തരമായി പിരിച്ചുവിടാന്‍ തീരുമാനിച്ചു' - ടിഎംസി പ്രസ്താവനയില്‍ അറിയിച്ചു.

എല്ലാ തലങ്ങളിലും സമഗ്രമായ ആത്മ പരിശോധനയും പ്രകടന അവലോകനവും സംഘടനാപരമായ വിലയിരുത്തലും പാര്‍ട്ടി നടത്തുമെന്ന് പ്രസ്താവനയില്‍ പറയുന്നു. ഈ അവലോകനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, മാതൃ സംഘടനയുടെയും പോഷക സംഘടനകളുടെയും ഘടന പുനസംഘടിപ്പിക്കും, അത് യഥാസമയം പ്രഖ്യാപിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

നഷ്ടപ്പെട്ട നിയന്ത്രണം തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് ഈ അപ്രതീക്ഷിത നടപടിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത്തരമൊരു തീരുമാനമെടുത്തതിന് പിന്നിലെ കാരണങ്ങള്‍ പാര്‍ട്ടി പ്രസ്താവനയില്‍ വിശദീകരിച്ചിട്ടില്ല. ടിഎംസി രൂപീകരിച്ചതിനു ശേഷം എടുത്ത ഏറ്റവും വലിയ സംഘടനാ തീരുമാനങ്ങളിലൊന്നാണ് ഇതെന്നാണ് വിലയിരുത്തുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.