തിരുവനന്തപുരം: കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്ത് പരക്കെ വന്‍ നാശനഷ്ടം. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയിലും കാറ്റിലുമുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇടുക്കി, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇടുക്കി അടിമാലിയില്‍ വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുനിന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനിടെ ഷോക്കേറ്റാണ് ഇരുമ്പുപാലം പടിക്കപ്പ് ഉന്നതി സ്വദേശി രമേശ് (24) മരണപ്പെട്ടത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് കൂറ്റന്‍ വാകമരം കടപുഴകി വീണ് കാരുമാത്ര സ്വദേശി ബ്ലാഹയില്‍ ഇല്ലം മണികണ്ഠന്‍ തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. കോഴിക്കോട് പുലര്‍ച്ചെ പെയ്ത കനത്ത മഴയില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ടു മറിഞ്ഞാണ് 82 വയസുകാരിയായ വയോധിക മരണപ്പെട്ടത്.
തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണല്‍ കോളജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. കൂടാതെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി.
താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലെ പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് കടുത്ത ഗതാഗതക്കുരുക്കിന് കാരണമായി. വടക്കന്‍ കേരളത്തിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കുട്ടികള്‍ ജലാശയങ്ങളിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങുന്നില്ലെന്ന് മുതിര്‍ന്നവര്‍ ഉറപ്പ് വരുത്തണം. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. ശക്തമായ കാറ്റുള്ളതിനാല്‍ മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യരുതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.