തിരുവനന്തപുരം: ഇടത്തരം ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചും ആഢംബര കാറുകളുടെ നികുതി കൂട്ടിയും സംസ്ഥാന ബജറ്റ്. പത്ത് ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി കുറച്ചു.
പതിനഞ്ച് ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി ഇതുവരെ എട്ട് ശതമാനമായിരുന്നു. ഇത് അഞ്ച് ശതമാനമായും കുറച്ചു. പത്ത് ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെയും 20 ലക്ഷം രൂപ മുതല്‍ 40 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയില്‍ മാറ്റം വരുത്തിയിട്ടില്ല.
പത്ത് മുതല്‍ 15 ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നിലവില്‍ അഞ്ച് ശതമാനമാണ് നികുതി. 20 മുതല്‍ 30 ലക്ഷം വരെയും 30 മുതല്‍ 40 ലക്ഷം രൂപ വരെയും വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ 10 ശതമാനമാണ് റോഡ് നികുതി.
എന്നാല്‍ 40 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി ഇതുവരെയുണ്ടായിരുന്ന 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു.
ഭിന്നശേഷിക്കാര്‍ക്ക് മോട്ടോര്‍ വാഹന നികുതിയില്‍ ഇളവ് ലഭിക്കുന്ന വാഹനത്തിന്റെ മൂല്യ പരിധി ഏഴ് ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായി ഉയര്‍ത്തി. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ലഭിച്ച പിഴകള്‍ 50 ശതമാനം അടച്ച് കേസ് തീര്‍പ്പാക്കുന്ന ഇ-ചെല്ലാന്‍ ആംനസ്റ്റി പദ്ധതി തുടര്‍ന്നും നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചു. അടുത്തിടെ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഇ-ചെല്ലാനുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനായി ആംനസ്റ്റി പദ്ധതി നടപ്പാക്കിയിരുന്നു.
സ്വകാര്യ ബസുകള്‍ക്കും ആശ്വാസമേകുന്ന പ്രഖ്യാപനം ബജറ്റിലുണ്ട്. ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ടൂറിസ്റ്റ് ബസുകളുടെയും ത്രൈമാസ നികുതി കുറച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദര്‍ശിനിക്ക് ബദല്‍ ആശ്വാസം നല്‍കുന്നതാണ് പ്രഖ്യാപനം. പ്രിയദര്‍ശിനി പദ്ധതി വന്നതോടെ സ്വകാര്യ ബസുകള്‍ പ്രതിസന്ധിയിലാണെന്ന പരാതിയുമായി ഉടമകള്‍ രംഗത്തെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.