മുനമ്പം വിഷയത്തില്‍ ശാശ്വതമായ പരിഹാരം ഉടന്‍ ഉണ്ടാകും എന്ന് മൂന്നു മെത്രാന്മാരുള്‍പ്പെട്ട കെആര്‍എല്‍സിസി സംഘത്തോട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉറപ്പു നല്കിയത് കേരള സമൂഹത്തിന് വലിയ ആശ്വാസമാണ് നല്കിയിരിക്കുന്നത്.
വിസ്മൃതിയിലാഴുന്ന ഒരു മാനുഷിക ദുരന്തം!
മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന വാദപ്രതിവാദങ്ങള്‍ക്കും തത്സംബന്ധിയായ കോടതി വ്യവഹാരങ്ങള്‍ക്കും കമ്മീഷന്‍ നിയമനത്തിനും രാഷ്ട്രീയ പഴിചാരലുകള്‍ക്കുമെല്ലാമിടയില്‍ ഏവരും സൗകര്യപൂര്‍വം വിസ്മരിക്കുന്ന വലിയൊരു മാനുഷിക ദുരന്തമാണ് മുനമ്പത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
റവന്യൂ വകുപ്പിന്റെ അന്യായവും അടിസ്ഥാനമില്ലാത്തതുമായ നടപടി മൂലം കഴിഞ്ഞ നാലു വര്‍ഷമായി മക്കളെ നല്ല നിലയില്‍ പഠിപ്പിക്കാനോ അവരുടെ ഭാവി ശോഭനമാക്കുന്ന തൊഴില്‍ സാധ്യതകള്‍ തേടാനോ അവരുടെ വിവാഹം നടത്തിക്കൊടുക്കാനോ കഴിയാത്ത വിധം മാതാപിതാക്കള്‍ സാമ്പത്തികമായി കെട്ടപ്പെട്ട നിലയിലാണ്. വിവിധ ആവശ്യങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ രേഖകളൊന്നും ലഭിക്കാത്ത വിധം അവര്‍ കഷ്ടത്തിലാണ്.
അവരെല്ലാവരും തന്നെ മൈക്രോ ഫിനാന്‍സുകാരുടെ കടക്കെണിയില്‍ പെട്ടിരിക്കുന്നു. സ്വന്തം വീടിന്റെ നിര്‍മിതിയോ പുനര്‍നിര്‍മിതിയോ അസാധ്യമാകും വിധം അവര്‍ മാറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്. പലരും വലിയ മാനസിക സമ്മര്‍ദ്ദത്തില്‍ കഴിഞ്ഞ് രോഗികളായി മാറിക്കൊണ്ടിരിക്കുന്നു. നല്ല ചികിത്സ നല്കാനാവാതെ തങ്ങളുടെ പ്രിയപ്പെട്ടവരെ മരണത്തിനു വിട്ടുകൊടുക്കേണ്ട ഗതികേടിലാണ് ബന്ധുക്കള്‍!
അടിയന്തരമായ രക്ഷാപ്രവര്‍ത്തനം അനിവാര്യം!
റവന്യൂപരമായി തകര്‍ന്നടിഞ്ഞു കഴിഞ്ഞിരിക്കുന്ന മുനമ്പത്തെ 610 കുടുംബങ്ങള്‍ക്ക് ഉടന്‍ വേണ്ടത് സര്‍ക്കാരിന്റെ യഥാര്‍ത്ഥ രക്ഷാപ്രവര്‍ത്തനമാണ്. പക്ഷേ, ഒരു കാര്യം വ്യക്തം. ഉടനടിയൊന്നും, മുനമ്പം വഖഫാണോ അല്ലയോ എന്ന തീരുമാനം ഉണ്ടാവില്ല. കാരണം, അത് വഖഫ് ട്രൈബൂണലിന്റെ പരിഗണനയില്‍ ഇരിക്കുന്ന കാര്യമാണ്. ട്രൈബൂണലിന്റെ തീരുമാനം വന്നാലും പിന്നെയും അപ്പീല്‍ കോടതികളായ ഹൈക്കോടതിയും തുടര്‍ന്ന് സുപ്രീം കോടതിയും അക്കാര്യത്തില്‍ അന്തിമ തീര്‍പ്പു കല്പിക്കണം. അതിന് വര്‍ഷങ്ങള്‍ ഏറെയെടുക്കും!
പിന്നെ, എന്താണ് സംസ്ഥാന സര്‍ക്കാരിന് നടപ്പിലാക്കാവുന്ന സത്വര പരിഹാരം? 2022 ല്‍ റവന്യൂ വകുപ്പ് മുനമ്പം വിഷയത്തില്‍ എടുത്ത തെറ്റായ നിലപാട് സ്വയം തിരുത്തുക എന്നതു മാത്രം!
പരിഹരിക്കാന്‍ നിഷ്പ്രയാസം സാധിക്കും!
താഴെ പറയുന്ന കാരണങ്ങളാല്‍ സര്‍ക്കാരിന് അനായാസേന ചെയ്യാവുന്ന കാര്യമാണത്:
1. വഖഫ് നിയമത്തിലെ 4, 5 സെക്ഷനുകള്‍ അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണ് 2019 മെയ് 20-ാം തീയതി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി തങ്ങള്‍ വഖഫിന്റെ ആസ്തിപ്പട്ടികയിലേക്ക് മുനമ്പം ഭൂമി എഴുതിച്ചേര്‍ത്തത് (EP 685/2018). അക്കാര്യം വഖഫ് ബോര്‍ഡ് തന്നെ വിവരാവകാശ നിയമത്തിനു കീഴില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
2. ആ അന്യായമായ ഉത്തരവിന്റെ വെളിച്ചത്തിലാണ് മുനമ്പംകാരെ റവന്യൂ തടങ്കലിലാക്കാന്‍ 2022 ജനുവരി 13-ാം തിയതി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ബി.എം ജമാല്‍ റവന്യൂ വകുപ്പിനോടു കല്പിച്ചത് (EC-130/2020 (A10-396/2020).
3. സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനമില്ലാത്തിടത്തോളം ആ കല്പന പാലിക്കാന്‍ തങ്ങള്‍ക്ക് ഒരു ബാധ്യതയും ഇല്ലാതിരിക്കെ, നിയമവിരുദ്ധവും അനീതിപരവും ദുരുപദിഷ്ടിതവുമായ തീരുമാനമെടുത്താണ് 2022ല്‍ റവന്യൂ വകുപ്പ് മുനമ്പം തീരദേശനിവാസികളെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ടത്.
4. വഖഫ് ബോര്‍ഡിന്റെ ഏകപക്ഷീയമായ നടപടിയെ തള്ളിപ്പറഞ്ഞു കൊണ്ടും മേല്‍പ്പറഞ്ഞ വസ്തുതകളെല്ലാം സൂചിപ്പിച്ചു കൊണ്ടും അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലൂടെ 2025 ഒക്ടോബര്‍ മാസത്തില്‍ മുന്‍ സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളതാണ് (WA Nos. 603 of 2025 & 606 of 2025 #17).
അതില്‍ ഏതാനും ഭാഗങ്ങള്‍ ഇതാ: 'പ്രസ്തുത സ്വത്ത് ഒരു വഖഫ് സ്വത്താണെന്ന് പൂര്‍ണണ്ണമായും ഏകപക്ഷീയമായ രീതിയില്‍, ഏകദേശം 70 വര്‍ഷത്തെ (കൃത്യമായി പറഞ്ഞാല്‍ 69 വര്‍ഷത്തെ) കാലതാമസത്തിനു ശേഷം കെ.ഡബ്ല്യു.ബി. പഖ്യാപിച്ചത് എങ്ങനെയെന്ന വിഷയം മുഴുവന്‍ സംസ്ഥാന സര്‍ക്കാരും ഈ കോടതിയും സൂക്ഷ്മമായി പരിശോധിക്കണമെന്ന് ബഹുമാനപ്പെട്ട അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെടുന്നു.
ഈ വസ്തുവിന്റെ ഭാഗങ്ങളായ ഭൂമിയെ പൂര്‍ണ്ണമായും ആശ്രയിച്ച് ജീവിതവും ഉപജീവനവും മുന്നോട്ട് കൊണ്ടുപോകുന്ന യഥാര്‍ത്ഥ (bonafide) ഉടമകള്‍, താമസക്കാര്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിങ്ങനെ അനേകം പേരുടെ അവകാശവാദങ്ങള്‍ പരിശോധിക്കാതെയാണ് ഈ വിജ്ഞാപനം വന്നിട്ടുള്ളത്' (#17 b).
5. എല്ലാ പൗരന്മാര്‍ക്കും ഭരണഘടനാ മൂല്യങ്ങളായ സമത്വവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.
6. വഖഫ് ബോര്‍ഡിന്റെ ഉത്തരവ് സര്‍ക്കാരിന് ബാധകമല്ലെന്നും എന്നാല്‍ മുനമ്പം നിവാസികളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നും ഹൈക്കോടതി ഉത്തരവില്‍ എടുത്തു പറയുന്നുണ്ട്.
7. മുനമ്പം നിവാസികള്‍ നിരപരാധികളാണെന്ന് എല്‍ഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ് ഹംസ പോലും ഈയിടെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുള്ള സ്ഥിതിക്ക് അവരെ സ്വതന്ത്രരാക്കാന്‍ പുതിയ സര്‍ക്കാരിന് രണ്ടിലൊന്ന് ആലോചിക്കേണ്ടതില്ലല്ലോ.
8. അഥവാ ഭാവിയില്‍ മുനമ്പം വഖഫാണെന്ന് കോടതി വിധിച്ചാല്‍ അതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പിന് തീരുമാനം മാറ്റി മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ നിഷേധിക്കാമല്ലോ? ഭൂമി അവിടെത്തന്നെ ഉണ്ടാകുമല്ലോ!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.