ബംഗളൂരു: കര്‍ണാടകയില്‍ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ആര്‍.എസ്.എസില്‍ നിന്ന് തനിക്ക് രണ്ട് വട്ടം വധ ഭീഷണി ലഭിച്ചതായി വെളിപ്പെടുത്തി പ്രിയങ്ക് ഖാര്‍ഗെ. ഇതേ തുടര്‍ന്ന് ആര്‍.എസ്.എസിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുകയാണ് പ്രിയങ്ക് ഖാര്‍ഗെ.
രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി രേഖകള്‍ തയ്യാറാക്കി വെക്കാന്‍ അദേഹം ആര്‍.എസ്.എസിനോട് ആവശ്യപ്പെട്ടു. സംഘടനയെ നിരോധിക്കാന്‍ താന്‍ ഉദേശിക്കുന്നില്ലെന്നും എന്നാല്‍ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കി.
ഒരു സന്നദ്ധ സംഘടന ആരംഭിക്കുകയാണെങ്കില്‍ അത് സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യുകയും അതിന്റെ ആസ്ഥാനത്തെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും സര്‍ക്കാരിനെ അറിയിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതൊരു അടിച്ചമര്‍ത്തല്‍ നടപടിയല്ലെന്നും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കപ്പെടണം എന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അദേഹം വിശദീകരിച്ചു.
സമാനമായി സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകള്‍ക്കും വ്യക്തമായ ഉത്തരവാദിത്തം ഉണ്ടായിരിക്കണം. പൊതുജനങ്ങളില്‍ നിന്ന് വലിയ തുകകള്‍ സംഭാവനയായി സ്വീകരിക്കുന്ന ആര്‍.എസ്.എസിന് നികുതി അടയ്ക്കുന്നതില്‍ ഒഴിവ് നല്‍കിയിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.
എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ഒരു 'കഴിവുകെട്ട മന്ത്രിയുടെ' കൈകളിലാണ് ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നതെന്ന് സംസ്ഥാന ബിജെപി എക്സില്‍ കുറിച്ചു.
പതിറ്റാണ്ടുകളായി നിയമവിധേയമായാണ് ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നതെന്നും ഇപ്പോള്‍ പെട്ടെന്ന് എന്തിനാണ് പുതിയൊരു രജിസ്‌ട്രേഷന്‍ ആവശ്യപ്പെടുന്നതെന്നും കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ബിജെപി നേതാവുമായ ആര്‍. അശോക ചോദിച്ചു. തര്‍ക്കം മുറുകിയാല്‍ അഥ് കര്‍ണാടകയില്‍ പുതിയ രാഷ്ട്രീയ പോരിന് വഴിവെക്കും.
കര്‍ണാടകയില്‍ സിദ്ധരാമയ്യ മാറി ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ പുതിയ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയാണ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ കൂടിയായ പ്രിയങ്ക് ഖാര്‍ഗെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.