കങ്കണ റണാവത്ത് നഴ്‌സിങ് സമൂഹത്തോട് പരസ്യമായി മാപ്പ് പറയണം: രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്

കങ്കണ റണാവത്ത് നഴ്‌സിങ് സമൂഹത്തോട് പരസ്യമായി മാപ്പ് പറയണം: രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്

വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള അധിക്ഷേപ പ്രസ്താവന തിരുത്തണമെന്ന് ജോജോ തോമസ്

മുംബൈ: നഴ്‌സിങ് സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുകയും മോശമായി ചിത്രീകരിക്കുകയും ചെയ്ത ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിന്റെ പ്രസ്താവന അത്യന്തം അപലപനീയമാണെന്ന് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോജോ തോമസ്. രാജ്യത്തെ നഴ്‌സുമാരെ അധിക്ഷേപിക്കുന്ന വിധത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഉടനടി പിന്‍വലിച്ച് അവര്‍ പരസ്യമായി മാപ്പ് പറയണമെന്ന് അദേഹം ആവശ്യപ്പെട്ടു.

ലോകം മുഴുവന്‍ ആദരവോടെ കാണുന്ന നിസ്വാര്‍ഥ സേവന മേഖലയാണ് നഴ്‌സിങ്. കോവിഡ് മഹാമാരിയുടെ കഠിനമായ നാളുകളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് നഴ്‌സുമാര്‍ രോഗികളെ പരിചരിച്ചത്. അവരുടെ വലിയ ത്യാഗത്തെ രാജ്യം ഇന്നും ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്. എന്നാല്‍ ഒരു ജനപ്രതിനിധി തന്നെ ഇത്തരം ഒരു ഉദാത്തമായ തൊഴില്‍ മേഖലയെക്കുറിച്ച് ഇത്രയും തരംതാണതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് അത്യന്തം ക്രൂരമാണ്. വിലകുറഞ്ഞ പബ്ലിസിറ്റിക്കും ജനശ്രദ്ധ നേടുന്നതിനും വേണ്ടി നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗം മാത്രമായാണ് കങ്കണയുടെ ഈ വാക്കുകളെ കാണാന്‍ കഴിയുകയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

വെറും വാചകമടിയിലൂടെ മാധ്യമ ശ്രദ്ധ നേടുന്നതിന് പകരം ഭരണകക്ഷിയുടെ ഒരു പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ നഴ്‌സിങ് മേഖല നേരിടുന്ന യഥാര്‍ഥ പ്രതിസന്ധികള്‍ പഠിക്കാനാണ് കങ്കണ തയ്യാറാകേണ്ടത്. രാജ്യത്തെ ആശുപത്രികളില്‍ ജീവനക്കാരുടെ വലിയ കുറവുണ്ട്. അമിതമായ ഷിഫ്റ്റുകളും വിശ്രമമില്ലായ്മയും നഴ്‌സുമാരെ വലിയ തോതില്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. കഠിനാധ്വാനത്തിന് അനുസരിച്ചുള്ള വേതനവും സുരക്ഷിതത്വവും ലഭിക്കാത്തതിനാലാണ് ഇന്ന് മിടുക്കരായ നഴ്‌സുമാര്‍ രാജ്യം വിട്ടുപോകുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള വലിയ ആശുപത്രികളില്‍ പോലും നഴ്‌സിങ് മേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നയവൈകല്യങ്ങളെയും പോരായ്മകളെയുമാണ് ഒരു എം.പി എന്ന നിലയില്‍ കങ്കണ വിമര്‍ശിക്കേണ്ടത്. അല്ലാതെ അഹോരാത്രം പണിയെടുക്കുന്ന നഴ്‌സുമാരെയല്ലെന്നും ജോജോ തോമസ് ഓര്‍മ്മിപ്പിച്ചു.

നഴ്‌സിങ് സമൂഹത്തെ വികൃതമായി ചിത്രീകരിച്ച പ്രസ്താവന കങ്കണ ഉടനടി പിന്‍വലിക്കണം. അവര്‍ നേരിട്ട അധിക്ഷേപത്തിന് പ്രായശ്ചിത്തമായി നഴ്‌സുമാര്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്താനാണ് ബിജെപി എംപി തയ്യാറാകേണ്ടത്. അതോടൊപ്പം ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും നഴ്‌സുമാരുടെ വേതന വര്‍ധനവും സുരക്ഷിതമായ തൊഴിലിടവും ഉറപ്പാക്കാന്‍ സമഗ്രമായ കേന്ദ്ര നിയമനിര്‍മാണം നടത്തണമെന്നും ജോജോ തോമസ് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.