ലണ്ടന്‍: ഇസ്രയേല്‍-പാലസ്തീന്‍ ദീര്‍ഘകാല സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ സംയുക്ത സമാധാന ഫണ്ട് പ്രഖ്യാപിച്ച് യു.കെ, ഓസ്ട്രേലിയ, കാനഡ രാജ്യങ്ങള്‍. നാല് ദശലക്ഷം ഡോളര്‍ പ്രാഥമിക മൂലധനമുള്ള ഫണ്ടാണ് മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് രൂപീകരിച്ചിരിക്കുന്നത്.
യു.കെ വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍, ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്, കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് എന്നിവര്‍ ലണ്ടനില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. പാലസ്തീനികള്‍ക്കുള്ള മാനുഷിക സഹായം, വെസ്റ്റ് ബാങ്കിലെ അക്രമങ്ങള്‍ തടയല്‍, ഗാസ സമാധാന പദ്ധതികള്‍ക്കുള്ള പിന്തുണ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കും.
താഴെത്തട്ടിലുള്ള പ്രാദേശിക സമാധാന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫണ്ട് പ്രധാനമായും മുന്‍ഗണന നല്‍കുന്നത്. സമാധാന ശ്രമങ്ങളില്‍ യുവാക്കളുടെയും സ്ത്രീകളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന യുവജന-വനിതാ സംഘടനകളെയും ഇസ്രയേലികള്‍ക്കും പാലസ്തീനികള്‍ക്കുമിടയില്‍ പരസ്പര വിശ്വാസവും സംവാദവും വളര്‍ത്തിയെടുക്കാന്‍ പ്രയത്‌നിക്കുന്ന സിവില്‍ സൊസൈറ്റി കൂട്ടായ്മകളെയും ഫണ്ട് വഴി പിന്തുണയ്ക്കും. ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ തലമുറകളായുള്ള ശത്രുതയുടെ മൂലകാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാനും ദീര്‍ഘകാല സമാധാനം കെട്ടിപ്പടുക്കാനും ലക്ഷ്യമിട്ടാണ് പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് യു.കെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അടുത്തിടെ ഫ്രാന്‍സ്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മൂന്ന് പ്രമുഖ രാജ്യങ്ങളുടെ പുതിയ നീക്കം. മേഖലയില്‍ സമാധാനവും സുരക്ഷയും നീതിയും ഉറപ്പാക്കാന്‍ ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് ഏക വഴി. തലമുറകളായി അക്രമം കണ്ടുവളരുന്ന ജനതയ്ക്കിടയില്‍ സമാധാന ചര്‍ച്ചയ്ക്കുള്ള വഴി തുറക്കാന്‍ ഈ ഫണ്ട് സഹായകരമാകുമെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം 2023 ഒക്ടോബര്‍ ഏഴിന് ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം അധിനിവേശ വെസ്റ്റ് ബാങ്കിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് പുതിയ സമാധാന ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കൂടുതല്‍ അന്താരാഷ്ട്ര പങ്കാളികളെയും സഹായങ്ങളെയും ആകര്‍ഷിച്ച് വിപുലമായ രീതിയില്‍ മുന്നോട്ടുപോകാനാണ് സംരംഭം ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.