അസമിൽ സൈനിക വിമാനം തകർന്നു വീണു; തീ പടർന്നത് ലാൻഡു ചെയ്തതിന് തൊട്ടു പിന്നാലെ

അസമിൽ സൈനിക വിമാനം തകർന്നു വീണു; തീ പടർന്നത് ലാൻഡു ചെയ്തതിന് തൊട്ടു പിന്നാലെ

ദിസ്പൂർ: അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ വ്യോമസേനാ വിമാനം തകർന്നു. എഎൻ-32 വിമാനമാണ് തകർന്നു വീണത്. ലാൻഡിങ്ങിനിടെയാണ് അപകടം ഉണ്ടായത്. തൊട്ടുപിന്നാലെ വിമാനത്തിന് തീപിടിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. ജോർഹട്ട് വ്യോമ താവളത്തിനുള്ളിലാണ് സംഭവം നടന്നതെന്നാണ് വിവരം. വ്യോമതാവളത്തിലെ അഗ്നിശമന സേനയും മറ്റും സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ.

അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആളപായമോ പരിക്കുകളോ സംബന്ധിച്ച വിശദാംശങ്ങളും ലഭ്യമായിട്ടില്ല. വിമാനം പതിവ് പറക്കലിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കൂടുതൽ വിവരങ്ങൾ നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ വ്യോമസേനയുടെ "വർക്ക്‌ഹോഴ്‌സ്" ആയി പ്രവർത്തിക്കുന്ന ഇരട്ട എഞ്ചിൻ ടർബോപ്രോപ്പ് സൈനിക ഗതാഗത വിമാനമാണ് അന്റോനോവ് എഎൻ-32. ഉയരത്തിലുള്ള വ്യോമതാവളങ്ങളിലും ചൂടുള്ള ഉഷ്ണമേഖലാ കാലാവസ്ഥകളിലും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനായാണ് എഎൻ-32 രൂപകൽപ്പന ചെയ്തിരിക്കുന്നത്. 7.5 ടൺ ചരക്കും 50 യാത്രക്കാരെ വരെയും ഉൾക്കൊള്ളാനുള്ള ശേഷി ഇതിനുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.