നീതി ആയോഗ് യോഗം: ശ്രദ്ധേയമായി സതീശന്റെയും വിജയ്‌യുടെയും കന്നി സാന്നിധ്യം; കേരളത്തിന് പ്രധാനമന്ത്രിയുടെ പ്രശംസ

നീതി ആയോഗ് യോഗം: ശ്രദ്ധേയമായി സതീശന്റെയും വിജയ്‌യുടെയും കന്നി സാന്നിധ്യം; കേരളത്തിന് പ്രധാനമന്ത്രിയുടെ പ്രശംസ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന പതിനൊന്നാമത് നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗം ഫെഡറൽ സഹകരണത്തിന്റെ പുതിയ അധ്യായമായി. 'വികസിത ഭാരതം @2047' എന്ന ലക്ഷ്യത്തോടെ നടന്ന യോഗത്തിൽ കേരള മുഖ്യമന്ത്രി വി.ഡി സതീശനും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും ഉൾപ്പെടെയുള്ള നവമുഖങ്ങളായ മുഖ്യമന്ത്രിമാരുടെ സാന്നിധ്യം ശ്രദ്ധേയമായി.

കേരളത്തിന്റെ സാമൂഹിക ക്ഷേമ മാതൃകയ്ക്ക് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രത്യേക പ്രശംസ. വയോജനങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക ബോർഡ് രൂപീകരിച്ച കേരളത്തിന്റെ നടപടി മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് അദേഹം ചൂണ്ടിക്കാട്ടി. 'സിൽവർ ഇക്കോണമി' എന്ന ലക്ഷ്യത്തിലേക്കുള്ള ഈ ചുവടുവെപ്പ് ഏറെ നിർണായകമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി വി.ഡി. സതീശൻ യോഗത്തിൽ കേരളത്തിന്റെ വികസന പദ്ധതികൾ വിശദീകരിച്ചു. തുറമുഖ വികസനം, എം.എസ്.എം.ഇ മേഖലയിലെ സാധ്യതകൾ എന്നിവ അദേഹം അവതരിപ്പിച്ചു. അതേസമയം സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും ധനകാര്യ കമ്മീഷൻ സഹായം നിർത്തലാക്കിയത് വരുത്തിയ തിരിച്ചടിയും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന് ബദൽ സഹായം വേണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ കന്നി നീതി ആയോഗ് യോഗം ശ്രദ്ധേയമായത് അദേഹത്തിന്റെ കൃത്യനിഷ്ഠയും വ്യക്തമായ നിലപാടുകളും കൊണ്ടാണ്. നിശ്ചയിച്ച സമയത്തിന് മുൻപേ യോഗ സ്ഥലത്തെത്തിയ വിജയ്, തമിഴ്‌നാടിന്റെ വികസന ആവശ്യങ്ങൾ പ്രധാനമന്ത്രിക്ക് മുൻപിൽ ശക്തമായി അവതരിപ്പിച്ചു.

ചെന്നൈ-കന്യാകുമാരി ഹൈ-സ്പീഡ് റെയിൽ കോറിഡോർ, കോയമ്പത്തൂരിൽ രണ്ടാമതൊരു എയിംസ് ആശുപത്രി എന്നിവ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൂടാതെ തമിഴ്‌നാടിനെ നീറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യം അദേഹം ആവർത്തിച്ചു. കേന്ദ്രവുമായി ക്രിയാത്മകമായി സഹകരിക്കുമെന്നും എന്നാൽ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ തമിഴ്‌നാട് വിട്ടുവീഴ്ച ചെയ്യില്ലെന്നും വിജയ് വ്യക്തമാക്കി.

രാജ്യത്തെ 70 കോടിയോളം വരുന്ന യുവാക്കളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ പ്രയോജനപ്പെടുത്താനും സൈബർ തട്ടിപ്പുകൾക്കും മയക്കുമരുന്ന് മാഫിയകൾക്കുമെതിരെ ശക്തമായ പ്രതിരോധം തീർക്കാനും അദേഹം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

യോഗത്തിന് ശേഷമുള്ള ഉച്ചഭക്ഷണ വേളയിൽ പ്രധാനമന്ത്രി കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അനൗദ്യോഗികമായി ചർച്ചകൾ നടത്തി. പുതിയ ഭരണകൂടങ്ങളുടെ പരിഷ്കാരങ്ങളെക്കുറിച്ച് നേരിട്ട് ചോദിച്ചറിഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ 2047-ഓടെ രാജ്യം വലിയ സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കുമെന്ന് ഉറപ്പായതായി യോഗം വിലയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.