അർക്കൻസാസ്: ഒരു അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമെന്താണ്? തന്റെ മക്കൾ ദൈവത്തിന്റെ മാർഗ്ഗത്തിൽ നടക്കുന്നത് കാണുക എന്നതായിരിക്കും. അമേരിക്കയിലെ അർക്കൻസാസ് സ്വദേശിയായ ആഞ്ചിക്കും ഭർത്താവ് ഡോ. ജോസഫ് എൽസറിനും ദൈവം നൽകിയത് ഇരട്ടി മധുരമാണ്. തങ്ങളുടെ ആറ് മക്കളെ കത്തോലിക്കാ വിശ്വാസത്തിൽ വളർത്തിയ എൽസർ ദമ്പതികൾക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം മക്കളായ സ്റ്റീഫന്റെയും ക്രിസ്റ്റഫറിന്റെയും പൗരോഹിത്യത്തിലേക്കുള്ള പ്രയാണമായിരുന്നു.
കിന്റർഗാർട്ടൻ മുതൽ ഹൈസ്‌കൂൾ വരെ കത്തോലിക്കാ സ്‌കൂളുകളിൽ പഠിച്ച മക്കൾക്ക് അവിടെ ലഭിച്ച അന്തരീക്ഷം അവരുടെ വിശ്വാസ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തി. മൂത്ത മകൻ സ്റ്റീഫൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾത്തന്നെ വൈദികനാകാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2018 ൽ അദേഹം വൈദികനായി അഭിഷിക്തനായി. ജ്യേഷ്ഠൻ സെമിനാരിയിൽ പഠിക്കുന്നത് കണ്ടപ്പോഴാണ് ഇളയ സഹോദരൻ ക്രിസ്റ്റഫറിലും പൗരോഹിത്യത്തോടുള്ള അഭിനിവേശം നാമ്പിട്ടത്.
ക്രിസ്റ്റഫറിന്റെ ജീവിതത്തിലെ വഴിത്തിരിവ് അഞ്ചാം ക്ലാസ്സിൽ അൾത്താര ബാലനായതോടെയാണ്. 2011 മെയ് 30 ന് ആദ്യമായി ശുശ്രൂഷ ചെയ്ത ക്രിസ്റ്റഫർ കൃത്യം 15 വർഷങ്ങൾക്ക് ശേഷം അതേ തീയതിയിൽ വൈദികനായി അഭിഷിക്തനായത് ദൈവത്തിന്റെ വലിയൊരു കരുതലിന്റെ അടയാളമായി കുടുംബം കാണുന്നു.
ദിവ്യകാരുണ്യ ആരാധനയ്ക്കും ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിക്കും മുൻഗണന നൽകിയാണ് എൽസർ ദമ്പതികൾ തങ്ങളുടെ ഭവനം ഒരുക്കിയത്. വിശുദ്ധ കുർബാനയ്ക്കു മുൻപിൽ ചെലവഴിക്കുന്ന സമയമാണ് ഈ ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠമായതെന്ന് ക്രിസ്റ്റഫർ വിശ്വസിക്കുന്നു.
എൽസർ കുടുംബത്തിൽ ഈ രണ്ടുപേർ മാത്രമല്ല വൈദികരുടെ ഒരു വലിയ നിര തന്നെയുണ്ട്. അമ്മാവന്മാരായ ഫാ. ജിം ഷാഫറിന്റെയും ഫാ. ബിൽ എൽസറിന്റെയും ജീവിതം ക്രിസ്റ്റഫറിന് വലിയ പ്രചോദനമായി. 70 വർഷത്തെ പൗരോഹിത്യ സേവനം പിന്നിടുന്ന ഫാ. ജിം ഷാഫറിന്റെ ജീവിതസാക്ഷ്യം ക്രിസ്റ്റഫറിന്റെ ദൈവവിളി ഉറപ്പിക്കുന്നതിൽ നിർണായകമായി.
"ഒരു ദൈവവിളി ഉണ്ടാകുന്നത് ദൈവത്തിന്റെ ഹൃദയത്തിൽ നിന്നാണ്, എന്നാൽ അത് കടന്നുപോകുന്നത് ഒരു അമ്മയുടെ ഹൃദയത്തിലൂടെയാണ്"- പത്താം പീയൂസ് മാർപാപ്പയുടെ ഈ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ആഞ്ചി പറയുന്നു. ജീവിതത്തിലെ പ്രതിസന്ധികളിലും യേശുവിൽ പൂർണമായി ആശ്രയിക്കാൻ തങ്ങളെ പഠിപ്പിച്ചത് ഇത്തരം ആത്മീയ അനുഭവങ്ങളാണെന്ന് ഫാ. ക്രിസ്റ്റഫർ സാക്ഷ്യപ്പെടുത്തുന്നു. ആത്മീയപിതാവായി ജനങ്ങളെ സേവിക്കാൻ സാധിക്കുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൈവവിളിക്കായി ജീവിതം സമർപ്പിച്ച ഈ യുവാക്കളുടെയും അവരെ വിശ്വാസത്തിൽ വളർത്തിയെടുത്ത മാതാപിതാക്കളുടെയും ജീവിതം ഇന്ന് ഒട്ടേറെ കുടുംബങ്ങൾക്ക് പ്രചോദനമായി മാറുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.