ഓപ്പറേഷന്‍ തൂഫാനിലൂടെ 15 ദിവസത്തിനിടെ 10 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; കാരവാനിലും ഡിജെ പാര്‍ട്ടിയിലും പൊലീസ് എത്തും: രമേശ് ചെന്നിത്തല

ഓപ്പറേഷന്‍ തൂഫാനിലൂടെ 15 ദിവസത്തിനിടെ 10 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; കാരവാനിലും ഡിജെ പാര്‍ട്ടിയിലും പൊലീസ് എത്തും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്നിനാരംഭിച്ച 'ഓപ്പറേഷന്‍ തൂഫാന്‍' വഴി പതിനഞ്ച് ദിവസത്തിനിടെ 10 കോടി രൂപയുടെ ലഹരി മരുന്ന് പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 2778 പേരെ അറസ്റ്റ് ചെയ്യുകയും 2575 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 1.9 കിലോ എംഡിഎംഎ പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്റെ വിജയകരമായ പ്രവര്‍ത്തനത്തിന് വിവിധ ഏജന്‍സികളുടെ യോഗം ചേര്‍ന്നു. പ്രവര്‍ത്തനം ശക്തമായി തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇന്നത്തെ യോഗത്തില്‍ കേന്ദ്ര ഏജന്‍സികളും പങ്കെടുത്തു.

കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ തുടര്‍ പ്രവര്‍ത്തനം ശക്തമാക്കും. അതിര്‍ത്തി കടന്നു വരുന്ന ലഹരി മരുന്ന് എങ്ങനെ തടയാമെന്ന് യോഗം ചര്‍ച്ച ചെയ്തു. എവിടെ നിന്നാണ് ഇവ വരുന്നതെന്ന് പൊലീസ് മനസിലാക്കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ കേരള പൊലീസിനെ സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അവരെല്ലാം ഓപ്പറേഷന്‍ തൂഫാനെ അഭിനന്ദിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാകും. കൂടുതല്‍ പൊലീസ് നായ്ക്കള്‍ക് നര്‍ക്കോട്ടിക്‌സ് കണ്ടെത്താനുള്ള പരിശീലനം നല്‍കും.

എക്സൈസ് വകുപ്പിന്റെ ഓപ്പറേഷന്‍ തണ്ടറും തൂഫാന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ഓപ്പറേഷന്‍ തൂഫാന്‍ നിര്‍ത്തുമെന്ന് ഒരാളും കരുതേണ്ട. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം പരിശോധിക്കും. ഏത് കാരവന്‍ ആണേലും പരിശോധിക്കും. ഏത് ഡിജെ പാര്‍ട്ടിയിലും കയറി പരിശോധിക്കും.

ഒരു മടിയും അക്കാര്യത്തില്‍ ഉണ്ടാകില്ല. നാല് വിമാനത്താവളങ്ങളിലും, തുറമുഖങ്ങളിലും സംയുക്ത ഓപ്പറേഷന്‍ നടത്തും. ഇതിനായി പ്രത്യേക യോഗം ചേരും. ലഹരി കേസുകളില്‍ ചാര്‍ജ് ഷീറ്റുകള്‍ വേഗം നല്‍കും. ലഹരി കണ്ണിയായ നൈജീരിയന്‍ സ്വദേശിയെ പിടികൂടിയ പന്തളം പോലീസിനെ ചെന്നിത്തല പ്രത്യേകം അഭിനന്ദിച്ചു.

പേഴ്‌സണല്‍ സ്റ്റാഫില്‍ ലഹരി കേസ് പ്രതിയുടെ ബന്ധുവുണ്ടെന്ന ആരോപണം മന്ത്രി നിഷേധിച്ചു. തന്റെ സ്റ്റാഫില്‍ ലഹരിക്കേസ് പ്രതിയോ, ബന്ധുവോ ഉണ്ടാകില്ല. അതെല്ലാം തൂഫാനെ തകര്‍ക്കാനുള്ള പ്രചാരണങ്ങള്‍ മാത്രമാണെന്നും അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.