രമണന്‍: മലയാളിയുടെ മനംകവര്‍ന്ന കാവ്യ വിസ്മയം

രമണന്‍: മലയാളിയുടെ മനംകവര്‍ന്ന കാവ്യ വിസ്മയം

വര്‍ഷങ്ങള്‍ക്കു മുമ്പ് എറണാകുളം മഹാരാജാസ് കോളജില്‍ നടന്ന ഒരു സംഭവമാണ് പറയുവാന്‍ പോകുന്നത്.

മഹാരാജാസ് കോളജില്‍ ബി.എ ഓണേഴ്‌സിന് പഠിക്കുന്ന കാലത്ത്, മലയാളം ക്ലാസ് എടുക്കുവാന്‍ വന്ന അധ്യാപകന്‍ ക്ലാസിന് പുറത്ത് നിന്ന കുട്ടിയോട് പറഞ്ഞു: 'നീ ക്ലാസിനകത്ത് കയറി ഇരിക്കുക, ഇന്ന് ഒരു നല്ല കവിതയാണ് പഠിപ്പിക്കുന്നത്.' കവിതയെപ്പറ്റി ചോദിച്ചറിഞ്ഞപ്പോള്‍ കുട്ടി പറഞ്ഞു:

'സാര്‍, അത് ഞാന്‍ എഴുതിയ കവിതയാണ്.' അപ്പോഴാണ് ഈ കവിത തന്റെ ക്ലാസില്‍ പഠിക്കുന്ന കുട്ടി എഴുതിയതാണല്ലോ എന്ന് അധ്യാപകന്‍ വിസ്മയത്തോടെ അറിയുന്നത്. അതുവരെ അധ്യാപകന്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല. കുട്ടി ക്ലാസില്‍ കയറി, അധ്യാപകന്‍ ആ കവിതയെപ്പറ്റി ക്ലാസ് എടുത്തു. ഇവിടെ കൗതുകകരമായ മറ്റൊരു അനുഭവം കൂടിയുണ്ട്. ഈ കവിത ഉള്‍പ്പെട്ട ചോദ്യ പേപ്പറില്‍ അതിന്റെ ആശയവും സന്ദര്‍ഭവും സൗന്ദര്യവും എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍, കവിയായ കുട്ടിയേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയത് സഹപാഠികളായിരുന്നു. കവിതയുടെ സൃഷ്ടാവിന് ശരാശരി മാര്‍ക്ക് മാത്രം!

അതേ, ആ കവി മറ്റാരുമല്ല കേരളത്തില്‍ അറിയപ്പെടുന്ന മികച്ച കവികളില്‍ ഒരാളായ ചങ്ങമ്പുഴ കൃഷ്ണപിള്ളയാണ്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലോ ലോകത്തില്‍ തന്നെയോ ഇങ്ങനെ ഒരു അനുഭവം ഉണ്ടായതായി കേട്ടുകേള്‍വി പോലുമില്ല. കവിത ഏതാണെന്ന് നിങ്ങളില്‍ പലര്‍ക്കും ഇതിനോടകം മനസിലായിക്കാണും. ചങ്ങമ്പുഴയുടെ മാസ്റ്റര്‍പീസായ നാടകീയ വിലാപകാവ്യം രമണന്‍. തന്റെ ആത്മമിത്രവും നാട്ടുകാരനുമായ, 27 വര്‍ഷം മാത്രം ജീവിച്ചു കടന്നുപോയ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ അകാലമരണമായിരുന്നു രമണന്‍ എന്ന വിലാപകാവ്യത്തിന് പിന്നിലെന്ന് ഒരു കൂട്ടര്‍ പറയുന്നു.

വിഷാദ രോഗത്തിന് അടിമപ്പെട്ട ഇടപ്പള്ളി, താന്‍ പ്രണയിച്ച പെണ്ണിന്റെ വിവാഹ ക്ഷണക്കത്ത് കിട്ടിയതിന്റെ പിറ്റേന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ സതീര്‍ത്ഥ്യന്റെ വേര്‍പാട് ചങ്ങമ്പുഴയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. രമണന്‍ എന്ന വിലാപ കാവ്യത്തിലെ ദുരന്തനായകന്‍ രമണന്‍ സാക്ഷാല്‍ ഇടപ്പള്ളി രാഘവന്‍പിള്ള തന്നെയും നായിക അദേഹത്തിന്റെ പ്രണയിനി ചന്ദ്രികയും, മദനന്‍ രമണന്റെ ഉറ്റചങ്ങാതിയുമാണെന്ന് (ചങ്ങമ്പുഴ) ഒരുപക്ഷം പറയുന്നു. എന്നാല്‍ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ മരണത്തിനു മുമ്പ് രചിക്കപ്പെട്ടതാണ് രമണന്‍ എന്ന് മറ്റൊരു പക്ഷവുമുണ്ട്. എങ്കിലും പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത് രമണന്‍ ഇടപ്പള്ളിയുടെ കഥയാണെന്നാണ്.

ചന്ദ്രികയുടെ തോഴിയാണ് ഭാനുമതി. ഗായക സംഘവും ഈ നാടക കാവ്യത്തിലുണ്ട്. മൂന്ന് ഭാഗങ്ങളിലായി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ കാവ്യത്തിലെ ആദ്യത്തെ രണ്ട് ഭാഗങ്ങളില്‍ അഞ്ച് രംഗങ്ങള്‍ വീതവും മൂന്നാമത്തെ ഭാഗത്തില്‍ നാല് രംഗങ്ങളുമാണ് ഉള്ളത്. ജോസഫ് മുണ്ടശേരിയുടേതാണ് ഇതിന്റെ അവതാരിക.

'മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി'

ഇടപ്പള്ളി രാഘവന്‍പിള്ളയും ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഒരേ നാട്ടുകാരായിരുന്നു. ചങ്ങമ്പുഴയേക്കാള്‍ മൂന്ന് വയസ് പ്രായക്കൂടുതലുണ്ടായിരുന്നു ഇടപ്പള്ളിക്ക്. ഇടപ്പള്ളി 27 വര്‍ഷവും ചങ്ങമ്പുഴ 37 വര്‍ഷവും മാത്രമാണ് ഈ ഭൂമിയില്‍ ജീവിച്ചത്. കുട്ടിക്കാലം മുതലേ രണ്ട് പേരും കവിതാ രചനയില്‍ തല്‍പരരായിരുന്നു. ആദ്യകാലങ്ങളില്‍ ചങ്ങമ്പുഴയെ പരിഹസിച്ചുള്ള കവിതകള്‍ ഇടപ്പള്ളി രചിക്കുമായിരുന്നു. അങ്ങനെ രണ്ട് പേരും തമ്മില്‍ മാനസികമായി അകല്‍ച്ചയുണ്ടായിരുന്നു. അന്നത്തെ ഇടപ്പള്ളിയിലെ സാഹിത്യ മേള സംഘാടകനായിരുന്ന ഇടപ്പള്ളി കരുണാകര മേനോന്‍ രണ്ട് പേരെയും തമ്മില്‍ അടുപ്പിക്കുന്നതില്‍ മധ്യസ്ഥത വഹിച്ചു.

ഇങ്ങനെയൊക്കെയായിരുന്നെങ്കിലും, രമണന്‍ എന്ന കവിതയിലൂടെ ചങ്ങമ്പുഴ ഇടപ്പള്ളിയെ നിന്ദിക്കുവാന്‍ ശ്രമിച്ചെന്നും ചില നിരൂപകര്‍ അഭിപ്രായപ്പെടുന്നുണ്ട്. രമണനും ചന്ദ്രികയും തമ്മിലുള്ള പ്രണയം പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് രമണനും ആത്മസുഹൃത്തായ മദനനും തമ്മിലുള്ള സൗഹൃദം.

പ്രണയവും മരണവും കലഹവും ദുഖവും സമരവും ഏകാന്തതയും നിറഞ്ഞ വലിയൊരു കാവ്യപ്രപഞ്ചം ഒരുക്കിവെച്ച് അകാലത്തില്‍ പൊലിഞ്ഞ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഏറ്റവും മനോഹരമായ കാവ്യവും രമണന്‍ തന്നെയാണ്. ഒരുപക്ഷേ മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ച രചനയും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകവും രമണന്‍ ആയിരിക്കാം.

വായനക്കാരില്‍ അത്രമാത്രം ലഹരി പിടിപ്പിച്ച ഒരു രചനയായിരുന്നു അത്. ചങ്ങമ്പുഴയുടെ രമണനെപ്പറ്റി പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ ഇങ്ങനെ പറയുകയുണ്ടായി: 'എന്റെ കൗമാരകാലത്ത് രമണന്‍ എന്ന കവിത വാങ്ങുവാന്‍ കിട്ടായ്കയാല്‍ ബഹുദൂരം യാത്ര ചെയ്ത് ഒരു പ്രതി കൈക്കലാക്കുകയും, വീട്ടില്‍ വന്ന് രാത്രിയുടെ ഇരുട്ടില്‍ വിളക്കിന്റെ വെളിച്ചത്തില്‍ പലരും ഒന്നിച്ചിരുന്ന് പകര്‍ത്തിയെഴുതുകയും ചെയ്തു.'

ഈ പുസ്തകം ഇറങ്ങുന്ന കാലത്ത് പട്ടാളക്കാര്‍ തങ്ങളുടെ വീട്ടിലേക്ക് കത്തെഴുതുമ്പോള്‍, അച്ചാര്‍ കൊടുത്തുവിടണം എന്ന് പറയാതെ രമണന്റെ ഒരു കോപ്പി അയച്ചുകൊടുക്കുവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പറഞ്ഞു കേള്‍ക്കുന്നു. പല ഘട്ടങ്ങളിലായി ലക്ഷക്കണക്കിന് കോപ്പികളാണ് ഈ വിലാപ കാവ്യം വിറ്റഴിക്കപ്പെട്ടത്.

ചങ്ങമ്പുഴയില്ലായിരുന്നെങ്കില്‍ പ്രണയം ഇത്രമേല്‍ മധുരിക്കില്ലായിരുന്നു, വിരഹം ഇത്രമേല്‍ പൊള്ളിക്കില്ലായിരുന്നു. ചങ്ങമ്പുഴയ്ക്ക് മുന്‍പുള്ള മലയാളിയല്ല ചങ്ങമ്പുഴയെ വായിച്ചതിന് ശേഷമുള്ള മലയാളി. ചങ്ങമ്പുഴയെപ്പറ്റി അദേഹത്തിന്റെ ഭാര്യ ശ്രീദേവി പറയുന്നത് ഇങ്ങനെയാണ്: കവിതയെഴുതുമ്പോള്‍ അദേഹത്തിനു പ്രത്യേക കസേരയും മൂന്നുതട്ടുകളുളള മേശയും വേണമായിരുന്നു. മുകളിലത്തെ തട്ട് കടലാസുവെച്ച് എഴുതാനായിരുന്നെങ്കില്‍, രണ്ടാമത്തേതില്‍ ഒരു ഗ്ലാസ് വെള്ളം, മൂന്നാമത്തേതില്‍ ഒരു കുപ്പി മദ്യം. കൂട്ടുകാരും കൂട്ടുകാര്‍ക്കിടയിലെ മദ്യവും പിന്നെ സിഗരറ്റും ചങ്ങമ്പുഴയ്ക്ക് ഒരു ബലഹീനതയായിരുന്നു. ക്ഷയരോഗബാധിതനായി കിടക്കുമ്പോള്‍ സന്ദര്‍ശിക്കാന്‍ ചെന്ന അനുഭവം സാഹിത്യകാരന്‍ എം.എന്‍ വിജയന്‍ മാഷ് എഴുതുകയുണ്ടായി: 'അദേഹം അപ്പോഴും മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു.'

കാല്പനിക കവിയായും വിഷാദാത്മക കവിയായും ചങ്ങമ്പുഴ അറിയപ്പെട്ടിരുന്നു. അദേഹത്തിന്റെ ഗദ്യ-പദ്യ വരികളുടെ ലാളിത്യവും ഗ്രാമീണ ശൈലിയും ചങ്ങമ്പുഴയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. ഗുരുവായ ജി. ശങ്കരക്കുറുപ്പ് ചങ്ങമ്പുഴയുടെ മരണ ശേഷം ഒരു വിലാപകാവ്യം രചിക്കുകയുണ്ടായി എന്നതിലും പ്രത്യേകതയുണ്ട്. സാധാരണ ഗതിയില്‍ ഗുരുവിന്റെ മരണ ശേഷം അദേഹത്തിന്റെ ശിഷ്യന്മാരാണ് ഓര്‍മ്മയ്ക്കായി കവിത എഴുതാറുള്ളത്. ചങ്ങമ്പുഴയുടെ രചനകളില്‍ ജി. ശങ്കരക്കുറുപ്പിന്റെ സ്വാധീനം വന്നിട്ടുണ്ടെന്ന് പറയുന്ന നിരൂപണങ്ങള്‍ വാസ്തവമാകാം.

വളരെ ചെറുപ്പത്തില്‍ തന്നെ കവിതയോട് കമ്പം കാണിച്ച ചങ്ങമ്പുഴ 'ബാഷ്പാഞ്ജലി'യുമായാണ് കവിതാലോകത്തേക്ക് തുടക്കം കുറിച്ചത്.

'ആരു വാങ്ങുമിന്നാരു വാങ്ങുമീ
ആരാമത്തിന്റെ രോമാഞ്ചം?
അപ്രമേയ വിലാസ ലോലയാം
സുപ്രഭാതത്തിന്‍ സുസ്മിതം'

എഴുത്തുകള്‍ മുടങ്ങാതെ നടക്കുമ്പോഴും പരന്ന വായനയില്‍ അദേഹം ഒരു കുറവും വരുത്തിയില്ല. അത് കവിതയാകട്ടെ നോവലാകട്ടെ. അതേസമയം സാഹിത്യ വിമര്‍ശനത്തില്‍ നാനാഭാഗത്ത് നിന്നും ഒരുപാട് ശരങ്ങള്‍ ഏറ്റുവാങ്ങിയ കവി കൂടിയായിരുന്നു ചങ്ങമ്പുഴ. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട കവിയും അദേഹമായിരിക്കും. അക്കാലത്തെ പ്രമുഖ സാഹിത്യ വിമര്‍ശകനായിരുന്ന പി.കെ നാരായണപിള്ള ചങ്ങമ്പുഴയുടെ കവിതകളെ 'മിഠായി കവിതകള്‍' അഥവാ കാമ്പില്ലാത്ത കവിതകള്‍ എന്നാണ് വിമര്‍ശിച്ചിരുന്നത്. ഉറൂബും സഞ്ജയനും കാലത്തെ അതിജീവിക്കാന്‍ കഴിയാത്ത കാവ്യ ജീവിതമാണ് ചങ്ങമ്പുഴയുടേതെന്ന് വിലയിരുത്തി. ചങ്ങമ്പുഴയുടെ എഴുത്ത് കാലത്ത് രാജ്യത്ത് പലവിധ സംഭവ വികാസങ്ങളും നടന്നിരുന്നു. ഉപ്പ് സത്യാഗ്രഹവും ക്വിറ്റ് ഇന്ത്യ സമരവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണവുമെല്ലാം ഇക്കാലത്തായിരുന്നു. എന്നാല്‍ തന്റെ കാവ്യ ജീവിതത്തില്‍ ഇതൊന്നും താന്‍ അറിഞ്ഞില്ലെന്ന ഭാവമാണ് അദേഹം പുലര്‍ത്തിയതെന്ന വിമര്‍ശനം പില്‍ക്കാലത്ത് അദേഹത്തിന് നേരിടേണ്ടി വന്നു.

ജന്മി-കുടിയാന്‍ വ്യവസ്ഥിതി നിലവിലുണ്ടായിരുന്ന കാലത്ത് കുടിയാന്മാര്‍ അനുഭവിച്ച ദുരിതങ്ങളാണ് ചങ്ങമ്പുഴയുടെ തന്നെ വാഴക്കുല എന്ന കവിതയുടെ ഇതിവൃത്തം. വ്യവസ്ഥിതികള്‍ എത്ര മാറിയിട്ടും മലയാളിയുടെ മനസില്‍ എന്നും മലയന്റെ ദുഖം വടുകെട്ടിക്കിടക്കുന്നു. വരികളിലെ ഗ്രാമീണ ശൈലിയും ലാളിത്യവും ഈണവും മൂലം ആര്‍ക്കും ആലപിക്കുവാന്‍ പറ്റുന്ന കവിതയാണ് വാഴക്കുല. ഇനിയൊരവസരത്തില്‍ വാഴക്കുലയെപ്പറ്റി ദീര്‍ഘമായി എഴുതുന്നതാണ്. ഇത്ര ചെറിയ കാലംകൊണ്ട് നിരവധി കവിതകളും

ഖണ്ഡകാവ്യങ്ങളും നോവലുകളും സൃഷ്ടിച്ച കവിയുടെ കൃതികളെല്ലാം തന്നെ ഒന്നിനൊന്നു മെച്ചം. എങ്കിലും എനിക്ക് ഏറ്റവും പ്രിയങ്കരമായ കവിതകളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് ('ആ പൂമാല'യും 'കാവ്യനര്‍ത്തകി'യും മറന്നിട്ടില്ല).

1911 ഒക്ടോബര്‍ പത്താം തിയതി ജനിച്ച്, ചങ്ങമ്പുഴ എന്ന തൂലിക നാമത്തില്‍ അറിയപ്പെട്ട ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന മഹാനായ കവി, 1948 ജൂണ്‍ 17 ല്‍ നമ്മോട് വിടചൊല്ലിയിട്ട് ഇന്ന് (17/06/2026) 78 വര്‍ഷം തികയുകയാണ്. കേവലം 37 വര്‍ഷത്തില്‍ താഴെ മാത്രം ഈ മണ്ണില്‍ ജീവിച്ച്, അദേഹം ക്ഷയരോഗത്തിന് കീഴടങ്ങുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.