മൂല്യനിർണയത്തിൽ ഗുരുതര പിഴവ്; അദ്ധ്യാപകരുടെ ശമ്പളത്തിൽ നിന്ന് അരലക്ഷം രൂപ നഷ്ടപരിഹാരം പിടിക്കാൻ ഉത്തരവ്

മൂല്യനിർണയത്തിൽ ഗുരുതര പിഴവ്; അദ്ധ്യാപകരുടെ ശമ്പളത്തിൽ നിന്ന് അരലക്ഷം രൂപ നഷ്ടപരിഹാരം പിടിക്കാൻ ഉത്തരവ്

പുനലൂർ: പ്ലസ് ടു പരീക്ഷാ പേപ്പർ മൂല്യനിർണയത്തിൽ ഗുരുതര പിഴവ്. പിഴവ് വരുത്തിയ അദ്ധ്യാപകരുടെ ശമ്പളത്തിൽ നിന്ന് അരലക്ഷം രൂപ പരീക്ഷാർത്ഥിയായ വിദ്യാർത്ഥിനിക്ക് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം റെനി ആന്റണി ഉത്തരവിട്ടു. കരുനാഗപ്പള്ളിയിലെ തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ജെ.പി. പൂജയുടെ പിതാവ് ആർ. പൊടിമോൻ കമ്മിഷന് നൽകിയ പരാതിയെ തുടർന്നാണ് ഉത്തരവ്.

2018-2019 അദ്ധ്യയന വർഷത്തെ പരീക്ഷ പേപ്പറിന്റെ മൂല്യനിർമ്മണയം സംബന്ധിച്ചാണ് പരാതി ഉയർന്നത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് പ്രതീക്ഷിച്ചിരുന്ന കുട്ടിക്ക് ബി പ്ലസാണ് ലഭിച്ചത്. പരീക്ഷാ പേപ്പറിന്റെ പകർപ്പ് ലഭിച്ചപ്പോൾ സ്കോർ ഷീറ്റിൽ 65 മാർക്കായിരുന്നു. പക്ഷെ ആകെ മാർക്ക് 43 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. തുടർ മൂല്യനിർണയം നടത്തിയപ്പോൾ 72 മാർക്ക് ലഭിച്ചു.

പരീക്ഷാ പേപ്പർ മൂല്യനിർണയം നടത്തിയ മലപ്പുറം ബി.എച്ച്.എസ്.എസ് സ്കൂളിലെ ചീഫ് എക്സാമിനർ പി. റഫീഖ്, തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അസി. എക്സാമിനർ കെ.ജി. ബേനസീർ ഫാഹിമ എന്നിവരുടെ ശമ്പളത്തിൽ ഒന്നും രണ്ടും എതിർകക്ഷികളായ പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യസ ഡയറക്ടർ എന്നിവർ ചേർന്ന് 25,000 രൂപ വീതം പിടിച്ച് ഹർജിക്കാരന്റെ മകൾക്ക് നൽകാനാണ് ഉത്തരവ്.

അതേസമയം പരാതി സംബന്ധിച്ച് പരീക്ഷാ വിഭാഗം ജോ. ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ അദ്ധ്യാപകർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പിഴവുകൾ കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനമായതിനാൽ 2005ലെ ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള കമ്മിഷൻ ആക്ടിലെ 15-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.