ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയ്ക്കിടെ ഡല്‍ഹിയില്‍ നേതാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞ് വാഗ്വാദം. ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ ഒരുങ്ങിയ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അവസാനം അനുനയിപ്പിക്കുകയായിരുന്നു.
ഇന്നലെ രാത്രി നടന്ന ചര്‍ച്ചയിലാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡ് പ്രതിനിധിയായ കെ.സി വേണുഗോപാലിനോടും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടും പൊട്ടിത്തെറിച്ചത്. നേതാക്കളുടെ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളും ഹൈക്കമാന്‍ഡിന്റെ സര്‍വ്വേ സ്ഥാനാര്‍ത്ഥികളും ഒത്തുപോകാതെ വന്നതാണ് വാഗ്വാദവും പൊട്ടിത്തെറിയുമുണ്ടായത്. കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായത്.
സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലും പിന്നീട് കേരളാ ഹൗസ് കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചയിലുമാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഗ്രൂപ്പ് നിര്‍ദേശങ്ങള്‍ സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡ് വെട്ടുന്നതിലെ അതൃപ്തിയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രകടിപ്പിച്ചത്. എന്നാല്‍ സര്‍വ്വേയില്‍ ഇല്ലാത്ത പേര് ഒഴിവാക്കണമെന്ന് കെ.സി വേണുഗോപാലും മുല്ലപ്പള്ളിയും നിലപാടെടുത്തു.
ഹൈക്കമാന്‍ഡിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ കഴിയൂ എന്ന നിലപാടാണ് മുല്ലപ്പള്ളിയും കെ.സി വേണുഗോപാലും സ്വീകരിച്ചത്. എന്നാല്‍ സര്‍വ്വേ റിപ്പോര്‍ട്ടിന്റെ കാര്യം പറഞ്ഞ് കെ.സി വേണുഗോപാലും മുല്ലപ്പള്ളിയും ചേര്‍ന്ന് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വെട്ടുകയാണെന്നാണ് ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും ആരോപണം.
ഗ്രൂപ്പ് നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദമുണ്ടെങ്കിലും എഐസിസി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ അന്തിമ പട്ടിക തയ്യാറാക്കൂവെന്നാണ് അറിയുന്നത്. അവശേഷിക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ച് ഇന്ന് വൈകുന്നേരത്തോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് ലഭ്യമാകുന്ന സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.