മഴ കനിഞ്ഞില്ലെങ്കില്‍ കേരളം ഇരുട്ടിലാകുമോ? ഇടുക്കിയില്‍ ജലനിരപ്പ് 23 ശതമാനം; സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

മഴ കനിഞ്ഞില്ലെങ്കില്‍ കേരളം ഇരുട്ടിലാകുമോ? ഇടുക്കിയില്‍ ജലനിരപ്പ് 23 ശതമാനം; സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

ഇടുക്കി: കടുത്ത വേനലിന് പിന്നാലെ എത്തിയ കാലവര്‍ഷവും കൈവിട്ടതോടെ കേരളത്തിന്റെ പ്രധാന ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ട് കടുത്ത ജലക്ഷാമത്തിലേക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജലനിരപ്പില്‍ 44 അടിയുടെ വന്‍ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കാര്‍മേഘങ്ങള്‍ കനിഞ്ഞു പെയ്തില്ലെങ്കില്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടേണ്ടി വരും.

ജൂണ്‍ മാസം മുഴുവന്‍ പെയ്തിട്ടും ഇടുക്കിയില്‍ ആകെ ലഭിച്ചത് 342 മില്ലിമീറ്റര്‍ മഴ മാത്രമാണ്. ഈ മന്ദഗതിയിലുള്ള മഴ കാരണം കഴിഞ്ഞ ഒരു മാസത്തിനിടെ അണക്കെട്ടില്‍ ഉയര്‍ന്നത് വെറും നാലടി വെള്ളം മാത്രമാണ്. നിലവില്‍ സംഭരണ ശേഷിയുടെ 23 ശതമാനം വെള്ളം മാത്രമാണ് ഡാമില്‍ ഉള്ളത്. ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉല്‍പാദനം കെ.എസ്.ഇ.ബി പകുതിയിലധികമായി വെട്ടിച്ചുരുക്കി. മുന്‍വര്‍ഷങ്ങളില്‍ പ്രതിദിനം 12 ദശലക്ഷം യൂണറ്റ് വരെ ഉല്‍പാദിച്ചിരുന്നിടത്ത് നിലവില്‍ പ്രതിദിനം വെറും നാല് ദശലക്ഷം യൂണറ്റ് മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്.

അണക്കെട്ടിലെ ജലനിരപ്പ് ഇനിയും താഴ്ന്ന് 20 ശതമാനത്തില്‍ എത്തിയാല്‍ മൂലമറ്റത്തെ ഉല്‍പാദനം പൂര്‍ണമായും നിര്‍ത്തിവെയ്‌ക്കേണ്ടി വരും. ഇത് സംസ്ഥാനത്തെ മറ്റ് പ്രധാന മേഖലകളെയും ബാധിക്കും. കാരണം ഇടുക്കിയെപ്പോലെ തന്നെ മറ്റ് ചെറു ഡാമുകളിലും ജലനിരപ്പ് നിലവില്‍ വളരെ പരിതാപകരമാണ്.

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കെ.എസ്.ഇ.ബി കണ്ടെത്തിയ താല്‍കാലിക പോംവഴി പുറത്ത് നിന്ന് വന്‍ വിലയ്ക്ക് വൈദ്യുതി വാങ്ങുക എന്നതാണ്. ഇതിനായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ബോര്‍ഡിന് അനുമതി നല്‍കി കഴിഞ്ഞു. കെ.എസ്.ഇ.ബി സമര്‍പ്പിച്ച വൈദ്യുതി ലഭ്യതയുടെ കൃത്യമായ കണക്കുകള്‍ പരിശോധിച്ച ശേഷമാണ് കമ്മിഷന്റെ ഈ അടിയന്തര ഇടപെടല്‍. സെപ്റ്റംബര്‍ ഒഴികെ, ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഉയര്‍ന്ന വിലയ്ക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാം. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് വരും മാസങ്ങളില്‍ ഉപഭോക്താക്കളുടെ മേല്‍ അധിക സാമ്പത്തിക ബാധ്യതയായി (സര്‍ചാര്‍ജ് രൂപത്തില്‍) വരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

വരും ദിവസങ്ങളിലെ ശക്തമായ മഴ മാത്രമാണ് ഇനി സംസ്ഥാനത്തിന് ഏക ആശ്വാസം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.