ബീജിംഗ്: പസഫിക് സമുദ്ര മേഖലയില്‍ സമാധാനസന്ദേശവുമായി ഇന്ത്യയും അമേരിക്കയും കൈകോര്‍ക്കുമ്പോള്‍ മറുഭാഗത്ത്് ഭീഷണിയായി ചൈനയുടെ നീക്കം. ആണവായുധം വഹിക്കാന്‍ കഴിയുന്ന പടുകൂറ്റന്‍ വിമാനവാഹിനി കപ്പല്‍ ചൈന നിര്‍മിക്കുന്നതായാണു വിവരം. ഇക്കാര്യം ചൈനയിലെ ഉന്നത സൈനിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഏഷ്യ-പസഫിക് മേഖലയില്‍ മേല്‍കോയ്മ നേടാന്‍ ഏറെക്കാലമായി ചൈന നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് ഈ നീക്കമെന്നാണു കരുതപ്പെടുന്നത്. നാവിക സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ഈ മേഖലയിലെ ജലപാതകളുടെ നിയന്ത്രണം കൂടി തങ്ങളുടെ വരുതിയിലാക്കുകയാണു ചൈനയുടെ ലക്ഷ്യമെന്നാണു വിലയിരുത്തുന്നത്.
രണ്ടു വര്‍ഷമായി മുടങ്ങിയിരുന്ന കപ്പലിന്റെ നിര്‍മാണം ഈ വര്‍ഷം ആദ്യം പുനഃരാരംഭിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നിലവിലുള്ള സാങ്കേതിക വിദ്യയെ മറികടന്ന് സായുധശേഷി വര്‍ധിപ്പിക്കുന്ന നൂതന സംവിധാനങ്ങളോടെയാവും കപ്പല്‍ നീറ്റിലിറങ്ങുക.
നിലവില്‍ തദ്ദേശീയമായി നിര്‍മിച്ച രണ്ടു വിമാനവാഹിനി കപ്പലുകളാണ് ചൈനയ്ക്കുള്ളത്. ഇതു കൂടാതെ മൂന്നാമതൊരെണ്ണം നിര്‍മാണം പൂര്‍ത്തിയായി ഈ വര്‍ഷം നീറ്റിലിറങ്ങും. ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ കടന്നുകയറ്റം പ്രതിരോധിക്കാന്‍ ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ക്വാഡ് സഖ്യത്തിന്റെ ഉച്ചകോടി ചേര്‍ന്നതിനു പിന്നാെലയാണ് ചൈനയില്‍നിന്ന് ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ വരുന്നത്.
2050 ആകുമ്പോഴേക്ക് പത്ത് വിമാനവാഹിനി കപ്പലുകള്‍ സജ്ജമാക്കുകയാണ് ചൈനയുടെ ലക്ഷ്യം.
44500 ടണ്‍ ഭാരമുള്ള ഐന്‍.എന്‍.എസ് വിക്രമാദിത്യയാണ് ഇപ്പോള്‍ ഇന്ത്യയുടെ പക്കലുള്ള ഏക വിമാനവാഹിനി കപ്പല്‍. തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പല്‍ വിക്രാന്ത് ഈ വര്‍ഷംതന്നെ നാവികസേനയുടെ ഭാഗമാകും. ഏറ്റവും കൂടുതല്‍ വിമാനവാഹിനി കപ്പലുകള്‍ സ്വന്തമായുള്ളത് യു.എസിനാണ്-ആണവോര്‍ജ ശേഷിയുള്ള 11 വിമാനവാഹിനി കപ്പലുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.